കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ജൂൺ 7ന് തീയറ്ററുകളിലെത്തിയ ഭവൈറസ്ഭ നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർശനം തുടരുകയാണ്.നിലയ്ക്കാത്ത കൈയടിപ്രവാഹവുമായാണ് സിനിമ മുന്നേറുന്നത്. യഥാർത്ഥ ജീവിത അനുഭവങ്ങളെ പ്രമേയമാക്കിയുള്ള സിനിമകൾ നേരത്തെയും ഇറങ്ങിയിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുകയാണ് വൈറസ്. 17 വർഷത്തെ ഇടവേള അവസാനിപ്പിച്ച് പൂർണ്ണിമയും തിരിച്ചെത്തിയിരിക്കുകയാണ് ഈ സിനിമയിലൂടെ. വിഷ്ണു എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.
ചിത്രീകരണ വേളയിലെ ആസിഫിന്റെ അനുഭവങ്ങൾ
നിപ ബാധിച്ചവരിലൊരാളായാണ് ആസിഫ് അവതരിപ്പിക്കുന്ന വിഷ്ണു എന്ന കഥാപാത്രം സിനിമയിൽ എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേറ്റഡ് വാർഡിൽ വെച്ച് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിട്ട് വേണം ഇത് പബ്ലിക്കിന് തുറന്നുകൊടുക്കാനെന്ന് സ്റ്റാഫിലൊരാൾ പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് മനസ്സിലായതെന്ന് താരം പറയുന്നു. പേരാമ്പ്രയിലും കോഴിക്കോടുമായാണ് സിനിമ ചിത്രീകരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.
മാധ്യമങ്ങളിലൂടെ നേരത്തെ നിപയെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും ആ ഭീകരത അനുഭവിച്ചിരുന്നില്ല. അത് ശരിക്കും മനസ്സിലാക്കിയാണ് തങ്ങൾ ഓരോരുത്തരും അഭിനയിച്ചതെന്ന് താരം പറയുന്നു. ഇടയ്ക്ക് തുമ്മലും ജലദോഷവും വന്നപ്പോൾ പോലും പേടിച്ചുവെന്നും താരം പറയുന്നു. ഇതിനിടയിൽ ശ്രീനാഥ് ഭാസിക്ക് 2 തവണ പനി വന്നിരുന്നു. ഡോക്ടർ ആബിദ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചത്.
എത്ര ഭീകരമായിരുന്നു നിപ ദിനങ്ങളെന്ന് തിരിച്ചറിഞ്ഞത് ചിത്രീകരണത്തിനിടയിൽ വച്ചായിരുന്നു.തിരക്കഥാകൃത്തുക്കൾക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. വ്യക്തമായ പ്ലാനിംഗുമായാണ് അവർ താരങ്ങളെ സമീപിച്ചത്. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമുള്ള അറിവ് മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ. അതേ വാർഡിലും ആ ബെഡിലും വച്ചാണ് ചിത്രീകരണമെന്നറിഞ്ഞതിന്റെ പേടിയുണ്ടായിരുന്നുവെന്നും താരം പറയുന്നു.