മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആയിഷ'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ആയിഷ 2023 ജനുവരി 20 മുതല്‍ ആരാധകര്‍ക്കു മുന്നില്‍ എത്തും. മലയാളത്തിലെത്തുന്ന ആദ്യത്തെ ഇന്തോ-അറബിക് ചിത്രം എന്ന പ്രത്യേകതയാണ് ആയിഷയ്ക്കുളളത്. റാസല്‍ ഖൈമയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം മലയാളത്തിനു പുറമെ മറ്റു ഭാഷകളായ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ 7 ഭാഷകളിലും എത്തുന്നുണ്ട്.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നിര്‍മ്മാതാവും 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകനുമായ സക്കറിയയാണ് ആയിഷ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായി എത്തിയിരിക്കുന്നത് ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ഷംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം തിയറ്ററുകളിലേയ്ക്ക് എത്തിക്കുന്നത് മാജിക്ക് ഫ്രെയിംസ് ആണ്.
മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും 'ആയിഷ' എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ അരങ്ങേറിയ ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സില്‍ ശ്രദ്ധേയമായ കഥാപാത്രം റെസിയയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ രാധിക ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ് ), സറഫീന (നൈജീരിയ) സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) എന്നിങ്ങനെ നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നത് ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.
വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രമായ 'ലിഗര്‍' ന് ശേഷം വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചക്കുന്ന ചിത്രമാണ് മഞ്ജുവിന്റെ ആയിഷ. ചിത്രത്തിന്റെ ചിത്രസംയോജനം അപ്പു എന്‍ ഭട്ടതിരിയാണ് കൈകാര്യം ചെയ്തത്. ബി കെ ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവരാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ രചിച്ചത്. എം. ജയചന്ദ്രന്‍ ആണ് സംഗീത പകര്‍ന്നത്. ആയിഷയിലെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് 'സരിഗമ'യാണ്. പ്രഭുദേവ കോറിയോഗ്രഫി നിര്‍വഹിച്ച് മാസ്മരിക നൃത്തചുവടുകളോടെ പുറത്തിറങ്ങിയ 'ആയിഷ'യിലെ 'കണ്ണിലെ കണ്ണിലെ' എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ ഗാനം പുറത്തു വിട്ടത്. എം ജയചന്ദ്രന്റെ ഗാനത്തില്‍ ഒരുങ്ങിയ ഗാനത്തിന്‍രെ ലിറിക്കല്‍ വീഡിയോയ്ക്ക് വരികള്‍ നല്‍കിയിരുന്നത് ബി.കെ ഹരിനാരായണന്‍ ആണ്. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നിന്നാണ് ഗാനത്തിന്റെ ലൈവ് മ്യൂസിക് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്റര്‍ മഞ്ജു വാര്യരും തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വച്ചിരുന്നു. ചിത്രത്തിന്റെ സെന്‍സറിങ് ഈയടുത്ത് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് ആഗോള തലത്തില്‍ യൂ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
കലാസംവിധാനം- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ബിനു ജി നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് - വിപിന്‍ കുമാര്‍, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി എം കെ.