ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട വെള്ള സ്വിഫ്റ്റ് കാറിൽ ദുരൂഹത വേണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം. അതിനിടെ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുനാണ് എന്നതും ഏതാണ് വ്യക്തമായി. കൊല്ലം പള്ളിമുക്കിൽ ജ്യൂസ് കുടിക്കാൻ വാഹനം നിർത്തുമ്പോൾ ബാലഭാസ്‌കർ ഇരുന്നിരുന്നത് പിൻസീറ്റിൽ ആയിരുന്നെന്ന് സാക്ഷികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കൊല്ലം സ്വദേശികളായ ലാൽകൃഷ്ണ, അഖിൽ, വിനു എന്നിവരാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഡ്രെവിങ് സീറ്റിൽ അർജുനെ കണ്ടതായും മൊഴി നൽകി. ജ്യൂസ് കടയിൽ നിന്ന് മടങ്ങുമ്പോഴും അർജുനാണ് വണ്ടി ഓടിച്ചിരുന്നതെന്നും ഇവർ പറയുന്നു. സാഹചര്യ തെളിവുകളും അർജുനാണ് ഡ്രൈവറെന്നത് ഉറപ്പിക്കുകയാണ്.
അതിനിടെ ബാലഭാസ്‌കർ അപകടത്തിൽപ്പെട്ടതു ഡ്രൈവർ ഉറങ്ങിപ്പോയതിനാലാകാമെന്നു ദൃക്‌സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ സി. അജി ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിട്ടുണ്ട്. ഡ്രൈവിങ് സീറ്റിൽ കണ്ടതു ബാലഭാസ്‌കറിനെയാണെന്ന് ആവർത്തിച്ചെങ്കിലും ബാലഭാസ്‌കറിനെ മുൻപ് അറിയില്ലായിരുന്നുവെന്നും മൊഴി നൽകി.
ആറ്റിങ്ങലിൽ വച്ചു ബാലഭാസ്‌കറിന്റെ കാർ അജിയുടെ ബസിനു മുന്നിൽ കയറി. അതിനു മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകട സ്ഥലത്തിന് അര കിലോമീറ്റർ മുൻപ് ഒരു കണ്ടെയ്‌നർ ലോറിയെ ഈ 3 വാഹനങ്ങളും മറികടന്നു. അതിനു ശേഷം വെള്ള കാർ മുന്നോട്ടു പോയെങ്കിലും ബാലഭാസ്‌കറിന്റെ കാർ ഇടതു വശത്തു നിന്നു വലത്തേക്കു തെന്നിമാറി മരത്തിലിടിച്ചു. ആറ്റിങ്ങൽ മുതൽ അപകടം നടന്നതു വരെ ദുരൂഹത ഉളവാക്കുന്ന ഒന്നും സംഭവിച്ചില്ലെന്നാണ് ഈ മൊഴി പറയാതെ പറയുന്നത്.
വെള്ള കാറിന്റെ കാര്യം പറയുന്നുണ്ടെങ്കിലും അത് ഇവരുമായി ഒരു ബന്ധവുമില്ലാത്ത യാത്രക്കാരുടെ കാറെന്നാണു മൊഴി വ്യക്തമാക്കുന്നത്. കൂടാതെ ഡ്രൈവർ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമെന്നും അജി പറയുന്നത് അന്വേഷണ സംഘം മുഖവിലയ്‌ക്കെടുക്കുന്നു. അപ്പോഴും അർജുൻ മൊഴി മാറ്റിയതാണ് അസ്വാഭാവികമായി തുടരുന്നത്. ഇതിന്റെ കാരണം ഇനിയും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ ഫോറൻസിക് പരിശോധനയും മറ്റും നിർണ്ണായകമാണ്. ബാലുവിന്റെ അച്ഛൻ ഇപ്പോഴും മരണത്തിൽ ദുരൂഹത ആരോപിക്കുന്നതും ക്രൈംബ്രാഞ്ച് ഗൗരവത്തോടെ എടുക്കുന്നുണ്ട്.
സ്വർണ്ണക്കടത്തിലെ അന്വേഷണവും നീളുകയാണ്. ഈ കേസിൽ ബാലുവിന്റെ കോ ഓർഡിനേറ്ററായ പ്രകാശ് തമ്പി അറസ്റ്റിലാണ്. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണവും പുതുവഴിയിലെത്തിയത്. ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണുവാണ് സ്വർണ്ണക്കടത്തിലെ സൂത്രധാരൻ. അർജുനും ഇതിന്റെ ഭാഗമായിരുന്നു.
ബാലഭാസ്‌കറിന്റെ മരണത്തിലെ പ്രധാനസാക്ഷികളുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിന് മുന്നിൽ എത്തിച്ച് രേഖപ്പെടുത്താൻ അന്വേഷകസംഘം തീരുമാനിച്ചു. ആദ്യം രക്ഷാപ്രവർത്തനം നടത്തിയ നന്ദു ഉൾപ്പെടെയുള്ളവരാണ് പ്രധാന സാക്ഷികളുടെ പട്ടികയിലുള്ളത്. 70 സാക്ഷികളുടെ മൊഴി ഇതിനകം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചാണ് പ്രധാന സാക്ഷികളുടെ പട്ടിക തയ്യാറാക്കിയത്. ബാലഭാസ്‌കറിന്റെ ആസ്തികളുടെ രേഖകൾ ലഭ്യമാക്കാൻ കലക്ടർക്കും ബാങ്കുകൾക്കും കത്ത് നൽകി.
ഫോറൻസിക് റിപ്പോർട്ട് ലഭ്യമാകുന്നതോടെ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുൻ ആണോയെന്ന് ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. പരിശോധനാഫലം ഉടൻ കൈമാറുമെന്ന് ഫോറൻസിക് വിഭാഗം അറിയിച്ചു. അർജുന്റെ വിരലടയാളം, മുടി, രക്തം എന്നിവയുടെ സാമ്പിളുകൾ ഡ്രൈവിങ് സീറ്റിൽനിന്നു ലഭിച്ച സാമ്പിളുകളുമായി താരതമ്യപഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
അതീവ നിർണ്ണായകമാണ് കൊല്ലത്തുകാരുടെ മൊഴി. ബന്ധുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ജ്യൂസ് കുടിക്കാൻ പള്ളിമുക്കിൽ ഇറങ്ങിയത്. ആ സമയമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം എത്തിയത്. ഡ്രൈവിങ് സീറ്റിൽ ഇരുന്ന അർജുൻ കടയിലേക്ക് വന്നു. അകത്തുള്ളത് ആരെന്ന് നോക്കിയപ്പോഴാണ് ബാലഭാസ്‌കറിനെ കണ്ടത്. പിൻസീറ്റിൽ മധ്യഭാഗത്തായി ഇരിക്കുകയായിരുന്നു. സംഗീതപരിപാടികളിലും വിവിധ ഷോകളിലൂടെയും കണ്ട് പരിചിതമുഖമായതിനാൽ വളരെ വേഗം തിരിച്ചറിഞ്ഞു. പടം എടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വളരെ വേഗം ജ്യൂസ് കുടിച്ച് ബാലഭാസ്‌കറും കുടുംബവും മടങ്ങി. പള്ളിമുക്കിൽ നിന്ന് തിരിക്കുമ്പോഴും വാഹനം ഓടിച്ചത് ബാലഭാസ്‌കർ അല്ലായിരുന്നു. നേരത്തെ ഓടിച്ചിരുന്ന അർജുൻ തന്നെയായിരുന്നെന്നും മൂവരും പറഞ്ഞു.
മൂന്നുപേരെയും ഒരുമിച്ചും അല്ലാതെയും മൊഴി എടുത്തു. ഒരേ മൊഴി തന്നെയാണ് ലഭിച്ചത്. അർജുന്റെ ചിത്രം മൂന്നുപേരും തിരിച്ചറിഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വാക്കുകൾ സാധൂകരിക്കുന്നതാണ് ഈ മൊഴി. വാഹനം ഓടിച്ചത് ബാലഭാസ്‌കർ അല്ലെന്നും അർജുനാണെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. അപകടത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചവേളയിൽ താൻ തന്നെയാണ് ഓടിച്ചിരുന്നതെന്ന് പറഞ്ഞ അർജുൻ പിന്നീടിത് മാറ്റി പറയുകയായിരുന്നു. ഇതാണ് അപകട മരണത്തെ ദുരൂഹമായി നിർത്തുന്നത്.
എന്തിനാണ് അർജുൻ കള്ളം പറഞ്ഞതെന്നതാണ് സംശയത്തിന് ഇടനൽകുന്നത്. അതിനിടെ അർജുൻ ഒളിവിലാണ്. അതുകൊണ്ട് തന്നെ അർജുനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല. ഈ സാഹചര്യത്തിൽ അന്വേഷണം താത്കാലികമായി അവസാനിപ്പിക്കാനും സാധ്യതയുണ്ട്. അർജുൻ, വിഷ്ണു എന്നിവരെ ചോദ്യം ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ആദ്യം രക്ഷാപ്രവർത്തനം നടത്തിയ നന്ദു അടക്കമുള്ളവർ വാഹനം ഓടിച്ചത് അർജുനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, പള്ളിമുക്കിൽനിന്ന് തിരിച്ചശേഷം എവിടെയെങ്കിലുംവച്ച് ബാലഭാസ്‌കർ വാഹനം ഓടിച്ചിരുന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനായി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ബാലഭാസ്‌കർ, പ്രകാശൻ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരം തേടി ബാങ്കുകൾക്കും കലക്ടർമാർക്കും ക്രൈംബ്രാഞ്ച് കത്തു നൽകും. റിസർവ് ബാങ്കിന്റെ സഹായവും തേടും.