നിവിന്‍പോളിയുടെ അരങ്ങേറ്റം ഉജ്ജ്വലമാക്കിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട് ക്ലബ്. ചിത്രത്തില്‍ അഭിനയിച്ചവര്‍ എല്ലാം തന്നെ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന താരങ്ങളായി മാറുകയും ചെയ്തു. വിനീത് ശ്രീനിവാസന്‍, നിവിന്‍പോളി, അജു വര്‍ഗീസ് തുടങ്ങി ഒരുകൂട്ടം പ്രതിഭകളെ പിന്നീട് മലയാള സിനിമയ്ക്ക് സ്വന്തമാക്കാന്‍ ഈ സിനിമ വഴി കഴിയുകയും ചെയ്തു. നടന്‍ ഗായകന്‍, എന്നിവയില്‍ നിന്ന് മാറി വിനീതിന്റെ സംവിധാന അരങ്ങേറ്റത്തേക്കുറിച്ച് ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് മലര്‍വാടിയുടെ നിര്‍മാതാവ് കൂടിയായ നടന്‍ ദിലീപ്.
2008ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ ട്വന്റി ട്വന്റിക്ക് ശേഷം ദിലീപ് നിര്‍മിക്കുന്ന സിനിമയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്.'വിനീതില്‍ വിശ്വാസമുണ്ടായിരുന്നു. വിനീതിന്റെ ആദ്യത്തെ സിനിമയാണ്. പാട്ടുകാരനായും നടനായും നിറഞ്ഞുനില്‍ക്കുന്ന ആള്‍ ആദ്യമായി സംവിധാനം ചെയ്യുന്നു. ശ്രീനിയേട്ടന്റെ മക്കള്‍ ഒരിക്കലും മോശമാകില്ലല്ലോ.
വിനീതിനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. ആ സിനിമ വിജയിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ എനിക്കത് ബോധ്യമായി. പുതിയ ആളുകളാണ് അഭിനയിക്കുന്നതെന്നു വിനീത് പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും ഞാന്‍ നല്‍കുകയും ചെയ്തു. അതൊക്കെ ഒരു നിമിത്തമായിരുന്നു. അതില്‍ അഭിനയിച്ച ആളുകളെല്ലാം ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.'ദിലീപ് പറഞ്ഞു.