ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ബാന്ദ്ര'യുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.ചിത്രത്തിന്റെ രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന വിവരമാണ് പുറത്തുവരുന്നത്. 'രാമലീല' എന്ന വിജയ ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ബാന്ദ്ര എത്തുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധനേടിയിരുന്നു. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ദിലീപ് എത്തുന്നത്. വലം കയ്യില്‍ ഗണ്ണും ഇടം കയ്യില്‍ എരിയുന്ന സിഗരറ്റുമായി മാസ് ലുക്കില്‍ ഇരിക്കുന്ന ദിലീപാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. തെന്നിന്ത്യന്‍ താരം തമന്നയാണ് ദിലീപിന്റെ നായികയായി എത്തുന്നത്.
മാത്രമല്ല ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം ഹിന്ദി ടെലിവിഷന്‍ രംഗത്തും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള അമിക ഷൈല്‍ മലയാളത്തിലേക്ക് ദിലിപ് ചിത്രത്തിലൂടെ ചുവടുവയ്ക്കുകയാണ്. ഗായികയും അഭിനേത്രിയുമായ അമിക ഷൈല്‍ ഐറ്റം സോംഗുമായാണ് മലയാളത്തിന്റെ എത്തുന്നത്.
ബാന്ദ്രയിലൂടെ ഐറ്റം സോഗിനു ചുവടു വെയ്ക്കുന്ന അമിക ഷൈല്‍ ഗായികയായി ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് കാമറക്കു മുന്നിലെത്തുന്നത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും താരമായി മാറി. പിന്നീട് അമിക ഷൈല്‍ അഭിനയ രംഗത്തേക്കും ചുവടുവെച്ചു. നിരവധി ടെലിവിഷന്‍, വെബ് സീരിസുകളില്‍ അഭിനയിച്ച അമിക ഷൈല്‍ ആദ്യമായാണ് സൗത്തിന്ത്യന്‍ സിനിമയിലേക്ക് എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുള്ള താരമാണ് അമിക ഷൈല്‍. യൂടൂബില്‍ ഗായിക കൂടിയായ താരത്തിന്റെ കവര്‍ സോംഗ് വീഡിയോകള്‍ക്കെല്ലാം വളരെ പ്രേക്ഷക പ്രീതിയാണുള്ളത്. മികച്ച ഫോട്ടോഷൂട്ടുകളുമായി താരം ആരാധകരുടെ വലിയ പിന്തുണയും നേടിയിട്ടുണ്ട്. കോവിഡിനു ശേഷം ടെലിവിഷന്‍ പരിപാടികളില്‍ നിന്നും മാറി വെബ് സീരിസുകളിലാണ് അമിക ഷൈല്‍ കൂടുതലും ശ്രദ്ധകൊടുത്തിരുന്നത്.
2017 ല്‍ റിലീസായ രാമലീലയുടെ മെഗാ വിജയത്തിനു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബാന്ദ്ര. ദിലീപിനു നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഉദയകൃഷ്ണയുടെ തിരക്കഥ ഒരുക്കുന്ന ചിത്രം എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള മുംബൈയുടെ കഥയാണ് പറയുന്നത്.
ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാം സി.എസ് സംഗീതം ഒരുക്കുന്നു.