അഞ്ചാം വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി. ഭര്‍ത്താവ് അരുണിന് വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള വിഡിയോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. 'ഹാപ്പി ആനിവേഴ്സറി ടു അസ്' എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്.
വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് ദിവ്യ ഉണ്ണി താമസം. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും നൃത്തത്തില്‍ തിരക്കിലാണ് ദിവ്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
2002 ല്‍ വിവാഹിതയായതോട് കൂടിയാണ് ദിവ്യ ഉണ്ണി സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുന്നത്. പിന്നീട് ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് സ്ഥിരതാമസമാക്കി. രണ്ട് മക്കള്‍ കൂടി ജനിച്ചതോടെ അവരുടെ കൂടെയുള്ള ജീവിതമായിരുന്നു. 2017 ല്‍ ഭര്‍ത്താവ് സുധീഷുമായി വേര്‍പിരിഞ്ഞ ദിവ്യ രണ്ടാമതും വിവാഹിതയായി. 2018 ലാണ് അമേരിക്കയില്‍ എന്‍ജിനീയറായ അരുണ്‍ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ദിവ്യയുടെ പുനര്‍വിവാഹം വലിയ വാര്‍ത്തയായിരുന്നു.
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ഭര്‍ത്താവ് അരുണിനും ദിവ്യയ്ക്കും 2020ലാണ് മകള്‍ ഐശ്വര്യ ജനിക്കുന്നത്.