കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്ന ട്രോളുകളില്‍ ഒന്നാണ് കുഞ്ഞാലിമരയ്ക്കാറിലെ മോഹന്‍ലാലിന്റെ ലുക്കും അതിന് നേരെ ഉയരുന്ന ബോഡി ഷെയ്മിങ് വിമര്‍ശനങ്ങളും. കുഞ്ഞാലിമരയ്ക്കാറിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം മോഹന്‍ലാല്‍ തന്നെ സോഷ്യല്‍മീഡിയിയലൂടെ തന്റെ വര്‍ക്ക് ഔട്ട് വീഡിയോകള്‍ ഇട്ട് മറുപടി നല്കിയിരുന്നു. എന്നാല്‍ ബോഡി ഷെയിമിംഗ് നടത്തിയവരോട് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തില്‍ സുപ്രധാന വേഷത്തിലെത്തിയ ഹരീഷ് പേരടിക്ക് പറയാനുള്ളതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
'മരയ്ക്കാരില്‍ അടുത്ത് നിന്ന് അനുഭവിച്ച മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ
ഈ മനുഷ്യനെ ബോഡി ഷെയിമിംഗ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി. ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്. അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുര്‍ത്തമുണ്ട്. അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്. നിരവധി തവണ ആവര്‍ത്തിച്ച് കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്‌ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആയോധനകലയിലെ പുലികളായ ഒരുപാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു. ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം.