20 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാലും മാളവിക മോഹനനും സത്യന്‍ അന്തിക്കാടുമെല്ലാമായി സിനിമയുടെ സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവയെല്ലാം ആരാധകശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഇത്തവണ മോഹന്‍ലാല്‍ അല്ല, സത്യന്‍ അന്തിക്കാടാണ് താരമായിരിക്കുന്നത്. ലാന്‍ഡ് ചെയ്തിരിക്കുന്ന ഒരു ഹെലികോപ്ടറില്‍ ഇരിക്കുന്ന സത്യന്‍ അന്തിക്കാടാണ് ചിത്രത്തിലുള്ളത്. സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായി അഖില്‍ സത്യന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ചിത്രമാണിത്. ഇതിനൊപ്പം രസകരമായ ഒരു വാചകവും അഖില്‍ കുറിച്ചിട്ടുണ്ട്.
'ഗ്രാമത്തിലെ ബസ് സ്റ്റോപ്പിലേക്ക് എത്തിച്ചേരുന്ന ഒരു ബസ് - ഇങ്ങനെയാണ് എല്ലാ സത്യന്‍ അന്തിക്കാട് ചിത്രവും തുടങ്ങുന്നത്. എന്നാണല്ലോ പറയുന്നത്. പക്ഷെ ഇത്തവണ അങ്ങനെയല്ല,' എന്നാണ് അഖില്‍ എഴുതിയത്. Hold My Beer എന്ന പ്രയോഗത്തെ Hold My Coffee എന്നും അഖില്‍ മാറ്റിയെഴുതിയിട്ടുണ്ട്. ചിത്രം ഉടനടി വൈറലായി കഴിഞ്ഞു.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.