ബോളിവുഡിലെ വിവാദ താരമാണ് കങ്കണ റണാവത്.പലപ്പോഴും പല തുറന്ന് പറച്ചിലുകളിലൂടെയും വിവാദത്തിലായ നടി വീണ്ടും ബോളിവുഡ് താരങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്.ഒരു കാസനോവ തന്റെ പിന്നാലെയുണ്ടെന്നും അയാളെ പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യയാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പില്‍ കങ്കണ വ്യക്തമാക്കുന്നു.
ഞാന്‍ എവിടെ പോയാലും തന്നെ ഒരാള്‍ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നു.റോഡില്‍ മാത്രമല്ല താമസിക്കുന്ന സ്ഥലത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലും വീടിന്റെ ടെറസിലും വരെ കാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങള്‍ പകര്‍ത്തുന്നു. തന്റെ ഷെഡ്യൂള്‍ എങ്ങനെയാണ് ഈ ചാരന്‍മാര്‍ക്ക് ലഭിക്കുന്നതെന്നും രഹസ്യമായി പകര്‍ത്തുന്ന ഈ ചിത്രങ്ങള്‍ കൊണ്ട് അവരെന്താണ് ചെയ്യുന്നതെന്നും കങ്കണ ചോദിക്കുന്നു.
എന്റെ വാട്‌സാപ്പ് വിവരങ്ങളും പ്രൊഫഷണല്‍ ഡീലുകളും വ്യക്തിജീവിതത്തിലെ ചില വിവരങ്ങള്‍പോലും ചോര്‍ന്നതായി ഉറപ്പുണ്ട്.ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതിക്കല്‍ വന്നു ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. സ്വജനപക്ഷപാത മാഫിയയുടെ കോമാളി വേഷം കെട്ടിയ ആളാണ് ഇത്. സിനിമാ മേഖലയില്‍ നിന്നുള്ള അറിയപ്പെടുന്ന സ്ത്രീലമ്പടനും കാസനോവയുമാണ്. സ്വജനപക്ഷപാതത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. നിര്‍മ്മാതാകാനും കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും എന്നെ പോലെ വസ്ത്രം ധരിക്കാനും എന്റെ വീടിന്റെ ഇന്റീരിയര്‍ ചെയ്യാന്‍ വരെ അയാള്‍ ഇപ്പോള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണ്.
എന്റെ സ്വന്തം സറ്റൈലിസ്റ്റിന്റെയും വീട്ടിലുള്ളവരെ പോലും വിലക്കെടുത്തിരിക്കുകയാണ്. നടനായ ഭര്‍ത്താവിന്റെ ഇത്തരം പ്രവൃത്തികള്‍ ഭാര്യ അംഗീകരിച്ചുകൊണ്ട് എന്റെ സഹോദരന്റെ വിവാഹ സല്‍ക്കാരത്തിന് ഞാന്‍ ഉടുത്തിരുന്ന അതേ സാരിയാണ് അവള്‍ സ്വന്തം വിവാഹത്തിനുപോലും ധരിച്ചിരുന്നത്.
എനിക്ക് ഫണ്ട് നല്‍കുന്നവരും ബിസിനസ് പങ്കാളികളും ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകള്‍ ഉപേക്ഷിക്കുന്നു.ആ നടനും ഭാര്യയും ഒരേ കെട്ടിടത്തില്‍ രണ്ട് ഫ്‌ളാറ്റുകളിലായാണ് താമസം. ഇതുപോലെയൊന്നും വേണ്ടെന്ന് അവള്‍ പറയണം. അവനെ നിരീക്ഷിക്കുകയും വേണം. അയാള്‍ കുഴപ്പത്തിലായാല്‍ അവളും കുഞ്ഞും കുഴപ്പത്തിലാവും. അവള്‍ അവളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഭര്‍ത്താവ് നിയമവിരുദ്ധമായി ഒന്നിലും ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് പറഞ്ഞാണ് കങ്കണ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
രണ്‍ബീര്‍ കപൂര്‍ - ആലിയ ഭട്ട് ദമ്പതികളെയാണ് കങ്കണ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആരോപണം. സഹോദരന്റെ വിവാഹ സത്കാരത്തിന് കങ്കണ ധരിച്ചത് പോലെ വെള്ളയും ഗോള്‍ഡന്‍നിറവുമുള്ള സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചിരുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മാത്രമല്ല, അടുത്തിടെ ആലിയഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.