മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ സെക്കന്‍ഡ് ലുക്ക് റിലീസ് ചെയ്തു. അമിത് ചക്കാലയ്ക്കല്‍, ഷറഫുദ്ദീന്‍, അസീസ് നെടുമങ്ങാട്, മമ്മൂട്ടി എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. ഒരു സംഘട്ടനം കഴിഞ്ഞ മട്ടില്‍ വാഹനത്തിന് ഉള്ളിലേക്ക് നോക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്തിരിക്കുന്നത്.
നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. ഏപ്രില്‍ 7ന് ചിത്രത്തിന് പാക്കപ്പ് ആയിരുന്നു. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.