Latest News

തിരുവനന്തപുരത്ത് മലയാള സിനിമാ കാര്‍ണിവല്‍; പ്രവേശനം സൗജന്യം; കേരളീയത്തിന്റെ ഭാഗമായി ഒരുങ്ങുന്ന കാര്‍ണിവര്‍ നവംബര്‍ 2 മുതല്‍

Malayalilife
 തിരുവനന്തപുരത്ത് മലയാള സിനിമാ കാര്‍ണിവല്‍; പ്രവേശനം സൗജന്യം; കേരളീയത്തിന്റെ ഭാഗമായി ഒരുങ്ങുന്ന കാര്‍ണിവര്‍ നവംബര്‍ 2 മുതല്‍

തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം 2023' ജനകീയോത്സവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി നവംബര്‍ 2 മുതല്‍ 7 വരെ മലയാള സിനിമകളുടെ കാര്‍ണിവല്‍ ഒരുക്കുന്നു. കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലായാണ് പ്രദര്‍ശനം.

ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ആദ്യം എത്തിച്ചേരുന്നവര്‍ക്ക് ഇരിപ്പിടം എന്ന അടിസ്ഥാനത്തിലായിരിക്കും തിയേറ്ററിലേക്ക് പ്രവേശനം അനുവദിക്കുക. ഒരു ദിവസം ഒരു തിയേറ്ററില്‍ നാലു പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും.രാവിലെ 9.30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

ക്ലാസിക് ചിത്രങ്ങള്‍, ജനപ്രിയ ചിത്രങ്ങള്‍, കുട്ടികളുടെ ചിത്രങ്ങള്‍, സ്ത്രീപക്ഷ സിനിമകള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. കൈരളിയില്‍ ജനപ്രിയ ചിത്രങ്ങള്‍, ശ്രീയില്‍ ക്‌ളാസിക് ചിത്രങ്ങള്‍, നിളയില്‍ കുട്ടികളുടെ ചിത്രങ്ങള്‍, കലാഭവനില്‍ വനിതകളുടെ ചലച്ചിത്രങ്ങള്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുക.

ക്ലാസിക്കുകളുടെ വിഭാഗത്തില്‍ ചെമ്മീന്‍, നിര്‍മ്മാല്യം, എലിപ്പത്തായം, പിറവി, സ്വപ്നാടനം, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, കബനീനദി ചുവന്നപ്പോള്‍, പ്രയാണം, പൊന്തന്‍മാട തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 

വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ വിഭാഗത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മ്മിച്ച ഡിവോഴ്‌സ്, നിഷിദ്ധോ, ബി 32 മുതല്‍ 44 വരെ, നിള, യക്ഷഗാനം എന്നിവയും സ്ത്രീപക്ഷ സിനിമകളായ ആദാമിന്റെ വാരിയെല്ല്, നവംബറിന്റെ നഷ്ടം, മങ്കമ്മ, പരിണയം, ഒഴിമുറി തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും. 

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രങ്ങളുടെ വിഭാഗത്തില്‍ അനുഭവങ്ങള്‍ പാളിച്ചകള്‍, തച്ചോളി അമ്പു, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഒരു വടക്കന്‍ വീരഗാഥ, ഗോഡ് ഫാദര്‍, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, ചിത്രം തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 

2022ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പല്ലൊട്ടി 90സ് കിഡ്‌സ്, ന്യൂസ് പേപ്പര്‍ ബോയ്, കുമ്മാട്ടി, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മനു അങ്കിള്‍, 101 ചോദ്യങ്ങള്‍, ഫിലിപ്‌സ് ആന്‍ഡ് ദ മങ്കിപെന്‍ തുടങ്ങി സിനിമകള്‍ കുട്ടികളുടെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഡിജിറ്റല്‍ റെസ്റ്റോറേഷന്‍ ചെയ്ത അഞ്ചു ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.ഓളവും തീരവും, യവനിക, വാസ്തുഹാര, തമ്പ്, കുമ്മാട്ടി എന്നീ ചിത്രങ്ങളുടെ ശബ്ദവും ദൃശ്യവും മെച്ചപ്പെടുത്തി പുനരുദ്ധരിച്ച ഏറ്റവും മിഴിവാര്‍ന്ന പ്രിന്റുകളാണ് പ്രദര്‍ശിപ്പിക്കുക.

Read more topics: # 'കേരളീയം 2023
keraleeyam cinima carnival

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES