ഈ വര്‍ഷം ഫെബ്രുവരി മാസത്തിലായിരുന്നു മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. ഇപ്പോഴിതാ കോട്ടയം പ്രദീപിന്റെ മകള്‍ വിവാഹിതയായിരിക്കുകയാണ്. അച്ഛന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ നടത്തികൊടുത്തത് ആവട്ടെ മകനും.
കോട്ടയം പ്രദീപിന്റെ മകള്‍ വൃന്ദയുടെ വിവാഹമാണ് നടന്നത്. തൃശൂര്‍ ഇരവ് സഹദേവന്റെയും വിനയയുടെയും മകന്‍ ആഷിക്കാണ് വരന്‍. അച്ഛന്റെ സ്ഥാനത്തു നിന്ന് വൃന്ദയുടെ സഹോദരനായവിഷ്ണുവാണ് വിവാഹത്തിന് മുന്നില്‍ നിന്നത്.സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുത്തു.
ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുന്ന വിഷ്ണു മലയാളസിനിമാ രംഗത്ത് സജീവമാണ്. എല്‍ഐസി ജീവനക്കാരനായ പ്രദീപ്, ഐ.വി.ശശി ചിത്രമായ 'ഈ നാട് ഇന്നലെ വരെ'യിലൂടെയാണ് സിനിമയിലെത്തുന്നത്. മലയാളം, തമിഴ് സിനിമകളില്‍ നിരവധി കോമഡി റോളുകള്‍ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2010ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ ചിത്രം 'വിണ്ണൈ താണ്ടി വരുവായാ'യില്‍ തൃഷയുടെ അമ്മാവന്‍ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായി. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.
വിനീത് ശ്രീനിവാസന്‍ ചിത്രം 'തട്ടത്തിന്‍ മറയത്തി'ലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയല്‍ക്കാരനുമായി പ്രദീപ് സിനിമയില്‍ സജീവമായി. ആമേന്‍, ഒരു വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്‌നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നര്‍മപ്രധാനമയ വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'ആറാട്ട്' ആണ് നടന്റെ അവസാന ചിത്രം.
പത്താം വയസ്സില്‍ എന്‍ എന്‍ പിള്ളയുടെ ''ഈശ്വരന്‍ അറസ്റ്റില്‍'' എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വര്‍ഷമായി നാടകരംഗത്ത് സജീവമായിരുന്നു. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ ഐ സി ഉദ്യോഗസ്ഥനായി. അടുത്ത കാലത്താണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മ്മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നല്‍കിയത്.