മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി പി.കെ കുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം വിജകരമായി പൂര്‍ത്തിയായി. ചിത്രത്തില്‍ മൂര്‍ക്കോത്ത് കുമാരനായി എത്തുന്നത് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമനാണ്.
സംഗീത സംവിധായകനും ഗായകനുമായ ശ്രീവല്‍സന്‍ ജെ മേനോന്‍ ആണ് കുമാരനാശാനായി വേഷമിടുന്നത്. കവി എന്നാണ് സിനിമയ്ക്ക് താല്‍ക്കാലിമായി പേരിട്ടിരിക്കുന്നത്. കുമാരനാശാന്‍ ദ ഫസ്റ്റ് മോഡേണ്‍ പൊളിറ്റീഷന്‍ ഓഫ് കേരളാ എന്ന ടാഗ് ലൈനിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം തിരുവനന്തപുരത്താണ്.
കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്ന് വളരെ മുമ്പേ ആലോചിച്ചതാണെന്നും ഇപ്പോഴത്തെ സാമൂഹ്യസാഹചര്യത്തില്‍ ആശാന്റെ ജീവിതവും സാമൂഹ്യഇടപെടലും പറയേണ്ടത് അനിവാര്യമെന്നും തോന്നിയെന്നും സംവിധായകന്‍ കെ.പി കുമാരന്‍ പറഞ്ഞു.
പ്രമോദ് പയ്യന്നൂരാണ് ഇങ്ങനെയൊരു വേഷമുണ്ടെന്ന് പറഞ്ഞ് തന്നെ ആദ്യം വിളിക്കുന്നതെന്നും മൂര്‍ക്കോത്ത് കുമാരന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെന്ന നിലയിലായിരുന്നു തന്നെ കാസ്റ്റ് ചെയ്തെന്നും പ്രമോദ് രാമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.