പ്രായത്തിനേക്കാള്‍ പക്വതയും ബാധ്യതയും മാത്രമുള്ള കഥാപാത്രങ്ങളില്‍ നിന്ന് മാറി ഷെയിന്‍ നിഗം ചിരിച്ച് കൊണ്ട് അഭിനയിക്കുന്ന സിനിമയാകും കുമ്പളങ്ങി നൈറ്റ്സ് എന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്‍.ഒരുപാട് ബാധ്യതകള്‍ ഉള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടിയിരിക്കുകയായിരുന്നു ഷെയിന്‍ എന്നും ശ്യാം പറഞ്ഞു.
ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയായ കുന്ളങ്ങി നൈറ്റ്സിന്റെ പ്രമോഷന്‍ പരിപാടിയില്‍ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം പങ്കെടുക്കുകയായിരുന്നു ശ്യാം പുഷ്‌കര്‍.
'ഇവന്‍ ഇവന്റെ പ്രായത്തില്‍ ഉള്ള അല്ലെങ്കില്‍ ഭയങ്കര ഡിപ്രസ്ഡ് ആയിട്ടുള്ള, ഒരുപാടു ബാധ്യതകള്‍ ഉള്ള ക്യാരക്ടേഴ്സ് ഇത്ര ചെറു പ്രായത്തില്‍ ചെയ്തിട്ട് ഇത്തിരി കൂമ്പ് വാടിയിട്ടുണ്ടെന്നു തോന്നുന്നു അത് ഇത്തവണ മാറും' എന്നാണ് ശ്യാം പുഷ്‌കര്‍ പറഞ്ഞത്.
'ശരിയാണ് ഭയങ്കര ഡാര്‍ക്ക് പടങ്ങളാണ് ഇവന്‍ ചെയ്തത് മുഴുവന്‍. പറവക്കകത്തൊക്കെ ആദ്യം മുതല്‍ അവസാനം വരെ വിഷമിച്ചിരിപ്പായിരുന്നു' എന്ന് ശ്രീനാഥ് ഭാസിയും സമ്മതിക്കുന്നു.
ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് നിരവധിപേര്‍ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്ന് ദിലീഷ് പോത്തനും പറഞ്ഞു. ഷെയിന്‍ ചിരിക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണെന്ന് തന്റെ ഉമ്മയും പറയാറുണ്ടെന്നായിരുന്നു ഫഹദിന്റെ കമന്റ്.
പറവ , ഈട, കിസ്മത്ത് തുടങ്ങിയ സിനിമകളിലായി വളരെ ഗൗരവമേറിയ കഥാപാത്രങ്ങളാണ് ഷെയിന്‍ ചെയ്തതിലേറെയും. കുമ്പളങ്ങി നൈറ്റ്സില്‍ പ്രണയവും ചിരിയുമൊക്കെയുള്ള കഥാപാത്രമാണെന്ന് ട്രെയിലറും സൂചിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ ഭാവനാ സ്റ്റുഡിയോ എന്ന യുട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പുറത്തുവിട്ടത്.