Latest News

പ്രതിഫല തുക നല്‍കാത്തതിന്റെ പേരില്‍ സീ കേരളം ചാനല്‍ ഉപരോധിച്ച കുട്ടികുറുമ്പന്‍ സീരിയലിലെ അഭിനേതാക്കളുടെ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസ്; എക്‌സ്‌ക്യൂട്ടിവ് പ്രൊഡ്യൂസറെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയെത്തിയത് കളമശ്ശേരി സ്റ്റേഷനില്‍; പ്രതിഫല തുക ആകെ ലഭിച്ചത് സീരിയലിലെ പ്രധാന താരത്തിന്; ബാക്കി താരങ്ങളുടെ പ്രതിഫലം ലഭിക്കും വരെ നിയമപോരാട്ടത്തിനെന്ന് ഉറപ്പിച്ച് രക്ഷിതാക്കളും

Malayalilife
പ്രതിഫല തുക നല്‍കാത്തതിന്റെ പേരില്‍ സീ കേരളം ചാനല്‍ ഉപരോധിച്ച കുട്ടികുറുമ്പന്‍ സീരിയലിലെ അഭിനേതാക്കളുടെ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസ്; എക്‌സ്‌ക്യൂട്ടിവ് പ്രൊഡ്യൂസറെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയെത്തിയത് കളമശ്ശേരി സ്റ്റേഷനില്‍; പ്രതിഫല തുക ആകെ ലഭിച്ചത് സീരിയലിലെ പ്രധാന താരത്തിന്; ബാക്കി താരങ്ങളുടെ പ്രതിഫലം ലഭിക്കും വരെ നിയമപോരാട്ടത്തിനെന്ന് ഉറപ്പിച്ച് രക്ഷിതാക്കളും

സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്ത കുട്ടികളുടെ സീരിയലായ കുട്ടിക്കുറുമ്പനുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം പുകയുന്നു.  സീരിയലിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ അഭിനയിച്ച കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് ചാനലിനെ അപകീര്‍ത്തിപ്പെടുത്തിയ നടപടിക്കെതിരെ വക്കീല്‍ നോട്ടീസും പരാതിയുമായി സീ കേരളവും രംഗത്തെത്തിയിരിക്കുന്നത്.  കുട്ടികുറുമ്പന്‍ പരമ്പര നിര്‍മാണം നടത്തിയ ട്രാവന്‍കൂര്‍ ടെലിഫിലിം ഉടമ അരുണ്‍കുമാറിനും ഇവരുടെ ഭാര്യമാതാവ് ഇന്ദിരാദേവി പത്മനാഭനുമെതിരെയാണ് സീരിലിലെ ലീഡ് റോള്‍ അവതരിപ്പിച്ച മാസ്റ്റര്‍ സൂര്യജിത്തിന്റെ പിതാവ് ടി.ജി ഗിരീഷ് ബാബുവും സഹ അഭിനേതാക്കളായ കുട്ടികളുടെ മാതാപിതാക്കളും രംഗത്തെത്തിയത്.

സീരിയല്‍ തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി പെട്ടെന്നു തന്നെ നിര്‍ത്തലാക്കുകയായിരുന്നു. കുട്ടികള്‍ക്കോ സീരിയലില്‍ അഭിനയിച്ചവര്‍ക്കോ പ്രതിഫലമൊന്നും നല്‍കാതെയായിരുന്നു സീരിയല്‍ അവസാനിപ്പിച്ചത്. ഇതേതുടര്‍ന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയത്. വിഷയം ശിശുക്ഷേമ സമിതിയുടെ ഉള്‍പ്പടെ പരിഗണനയിലെത്തിയെങ്കിലും പ്രതിഫലം നല്‍കാതെ കുട്ടികള്‍ക്ക് വണ്ടിചെക്ക് നല്‍കി പറ്റിച്ചെന്ന് സൂര്യജിത്തിന്റെ പിതാവ് പറയുന്നു.


എന്നാല്‍ വിഷയം മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സീകേരളം അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടുകയും അരുണ്‍കുമാറില്‍ നിന്ന് പ്രധാനറോള്‍ അവതരിപ്പിച്ച കല്‍പാത്തി സ്വദേശിയായ മാസ്റ്റര്‍ സൂര്യജിത്തിന്റെ പ്രതിഫലം കൈമാറുകയും ചെയ്തിരുന്നു. സൂര്യജിത്തിന്റെ പിതാവിന്റെ അക്കൗണ്ടിലേക്ക് 73,000, 72,000 എന്നീ ക്രമത്തിലാണ് തുക കൈമാറിയതും. എന്നാല്‍ മറ്റ് അഭിനേതാക്കളായ ലച്ചു എന്ന വേഷത്തിലെത്തിയ മാവലിക്കര സ്വദേശി പ്രിജീ ജയകുമാറിന്റെ മകള്‍ പ്രിജിത, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പ്രമോദിന്റെ മകന്‍ അതുല്‍ എന്നിവര്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ല. ഇതിന് ചാനല്‍ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് രക്ഷിതാക്കളും ആരോപിക്കുന്നത്. 

മാവേലിക്കര സ്വദേശിയായ ബാലതാരത്തിന് പ്രതിഫലതുകയായ 83,000 രൂപയും തിരുവനന്തപുരം സ്വദേശിയായ പ്രമോദിന്റെ മകന് 67,000 രൂപയുമാണ് പ്രതിഫലം ഇനത്തില്‍ ലഭിക്കാനുള്ളത്. കുട്ടികളുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിക്ക് മുന്‍പാകെ എത്തിയതോടെ അരുണ്‍ കുമാറിനോട് ഹിയറിങ്ങിന് എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരവധി എപ്പിസോഡ് പിന്നിട്ട സീരിയലിന് ഒരുകോടി ഏഴ് ലക്ഷം രൂപയിലധികം സീ കേരളം നല്‍കിയിട്ടുണ്ട്. എന്നാല്‍ സീരിയലിന് ആകെ ചെലവായത് 55 ലക്ഷം രൂപയാണെന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ ചാനല്‍ ഫ്‌ളോറില്‍ ഉപരോധം നടത്തിയ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ കളമശ്ശേരി സ്റ്റേഷനില്‍ സീകേരളം പരാതി നല്‍കിയിരിക്കയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിന്ദു ഗോപന്റെ പേരിലാണ് സൂര്യജിത്തിന്റെ പിതാവ് ടി.ജി ഗിരീഷ് ബാബുവിനും, വള്ളക്കടവ് സ്വദേശി പ്രമോദിനുമെതിരെ പരാതി ലഭിച്ചത്. ചാനലിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറെ അടക്കം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന രീതിയിലാണ് പരാതി സമര്‍പിച്ചത്. എന്നാല്‍ ക്രിയേറ്റിവ് ചുമതല വഹിക്കുന്ന തനിക്ക്  ഈ കേസില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ബിന്ദു ഗോപന്‍ പ്രതികരിക്കുന്നത്. സീരിയല്‍ പ്രൊഡ്യൂസറായ അരുണ്‍കുമാറാണ് അവര്‍ക്ക് പ്രതിഫലം നല്‍കേണ്ടത് എന്നും അദ്ദേഹത്തിന് ചാനല്‍ ഇതുവരെയുള്ള തുക നല്‍കിയിട്ടുണ്ടെന്നും ബിന്ദു ഗോപന്‍ പറയുന്നു. എന്നാല്‍ സൂര്യജിത്തിന്റെ പിതാവ് വാര്‍ത്തകളില്‍ നല്‍കിയത് വാസ്തവ രഹിതമാണെന്നും നല്‍കാനുള്ള തുക കൈമാറിയിട്ടും ഇത് തുറന്നുപറഞ്ഞില്ലെന്നുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പ്രതികരണം.

Read more topics: # kuttykurumbanm ,# zee keralam ,# serial
kutty kurumban serial controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES