മലയാള സിനിമയിലെ യുവനിര ഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ പപ്പു ഇന്നലെയാണ് വിട പറഞ്ഞത്.. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്റെ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫര്‍ ആയി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച പപ്പു ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍ ആയും പ്രവര്‍ത്തിച്ചതിനു ശേഷമാണ് സ്വതന്ത്ര ഛായാഗ്രാഹകന്‍ ആയത്.
ദുല്‍ഖര്‍ സല്‍മാന്റെ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് പപ്പു സ്വതന്ത്ര ഛായാഗ്രാഹകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഞാന്‍ സ്റ്റീവ് ലോപ്പസ്, കൂതറ, അയാള്‍ ശശി, ഈട, റോസ് ഗിറ്റാറിനാല്‍, ഓട്ടം, ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചാന്ദ്നി ബാറിന്റെ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായാണ് പപ്പു ചലച്ചിത്ര മേഖലയില്‍ ചുവടു വച്ചത്. പിന്നീട് അദ്ദേഹം ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫറായും ചുമതലയേറ്റിരുന്നു.
രാജീവ് രവി ചിത്രങ്ങളായ അന്നയും റസൂലും, കമ്മട്ടിപ്പാടം, തുറമുഖം എന്നീ സിനിമകളുടെ സെക്കന്റ് യൂണിറ്റ് ഛായഗ്രഹകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. മജു സംവിധാനം ചെയ്ത അപ്പന്‍ ആണ് അവസാനമായി അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച സിനിമ. ഷൂട്ട് തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ അനാരോഗ്യത്തെ തുടര്‍ന്ന് പപ്പു ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
പപ്പുവിനൊപ്പമുളള ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ ലാല്‍ജോസ് ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:
വായനിറയെ മുറുക്കാനും മുഖം നിറയെ ചിരിയും. ക്യാമറാമാന്‍ രാജീവ് രവിയുടെ സംഘത്തിലെ നിശബ്ദനും നിസംഗനുമായ ആ ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത് 2004 ല്‍ രസികന്റെ സെറ്റില്‍ വച്ചാണ്. അന്നു മുതല്‍ പപ്പു സുഹൃത്താണ്. പിന്നീട് ക്ളാസ്മേറ്റ്സ് കാലത്തും ചങ്ങാത്തം തുടര്‍ന്നു.
നാല്‍പ്പത്തിയൊന്നിന്റെ ചിത്രീകരണം തുടങ്ങുന്നതിന് ഒരു കൊല്ലം മുമ്പ് ഒരു മണ്ഡലകാലത്ത് നാലു ക്യാമറാമാന്‍മാരുമായി ഞാന്‍ ശബരിമലയ്ക്ക് പോയി. അവരിലൊരാള്‍ പപ്പു ആയിരുന്നു. ആ നാല് ദിവസങ്ങളില്‍ ശബരിമലയില്‍ നിന്ന് പപ്പു പകര്‍ത്തിയ മനോഹരമായ നിരവധി ദൃശ്യങ്ങള്‍ സിനിമയില്‍ പല പ്രധാന സീനുകളിലും പിന്നീട് ഉപയോഗിച്ചു. പപ്പുവിനൊപ്പം പൂര്‍ണ്ണമായും ഒരു പടം എന്ന വിചാരം മാത്രം നിറവേറാതെ പോയി. അവന്റെ ഇന്‍ഡിപെന്റന്റ് സിനിമ 'ഈട' ഡിസ്ട്രിബ്യൂട്ട് ചെയ്തത് എല്‍.ജെയാണ്, അങ്ങനെ കരുതി സമാധാനിക്കുന്നു. ഒരുപാട് ഇനിയും നടക്കാനുണ്ടായിരുന്നു അവന്. എന്ത്ചെയ്യാം കാലം അത്രമേല്‍ നിസംഗതയോടെ അവനെ നിശബ്ദം കൂട്ടികൊണ്ട് പോയികഴിഞ്ഞു. ആ ചിരിയും, പ്രകാശം പരത്തുന്ന ആ മുഖവും ഓര്‍ക്കുന്നു. യാത്രമൊഴി നേരുന്നു - അല്ലാതെന്താകും.