റിലീസിന് മുമ്പ് 'ലിയോ' വീണ്ടും വിവാദത്തില്‍. ചിത്രത്തിനെതിരെ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് സിനിമയിലെ ബാക്ക്ഗ്രൗണ്ട് ഡാന്‍സേഴ്‌സ് ആണ്. പണിയെടുത്തതിന് പണം കിട്ടിയില്ല എന്ന പരാതിയാണ് ഡാന്‍സേഴ്‌സ് നല്‍കിയിരിക്കുന്നത്. 2000 നര്‍ത്തകര്‍ ആയിരുന്നു 'നാ റെഡി' എന്ന ഗാനത്തില്‍ വിജയ്‌ക്കൊപ്പം ചുവടുവച്ചത്.
അതേസമയം ഈ വിഷയത്തില്‍ ലിയോയുടെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരിക്കുകയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.അനിരുദ്ധ് ഈണമിട്ട് വിജയ് ആലപിച്ച നാന്‍ റെഡി എന്ന ഗാനം വിവാദച്ചുഴിയില്‍ അകപ്പെടുന്നത് ഇതാദ്യമായല്ല. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു ഈ ഗാനം ഇതിനുമുമ്പ് കേട്ട പഴി. ഇതില്‍ നിന്ന് ഒരുവിധം തലയൂരി വന്നപ്പോഴാണ് നിര്‍മാതാക്കള്‍ക്കെതിരെ ബാക്ക്?ഗ്രൗണ്ട് ഡാന്‍സേഴ്‌സ് എത്തിയത്...
ഇതിലെ റിയാസ് അഹമ്മദ് എന്ന നര്‍ത്തകനാണ് നൃത്തം ചെയ്തതിന് പലര്‍ക്കും മുഴുവന്‍ പ്രതിഫലം ലഭിച്ചില്ല എന്ന പരാതിയുമായി എത്തിയത്. ചില നര്‍ത്തകര്‍ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ഓഫീസില്‍ നേരിട്ടെത്തി പണം ആവശ്യപ്പെടുകയും ചെയ്തു.
ഡാന്‍സേഴ്‌സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നര്‍ത്തകര്‍ക്കും പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ട് എന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ നര്‍ത്തകര്‍ ഇക്കാര്യത്തില്‍ തൃപ്തരായില്ല. തുടര്‍ന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആര്‍.കെ. സെല്‍വമണി പ്രസ്താവന പുറത്തിറക്കി.
നല്‍കാനുള്ള മുഴുവന്‍ തുകയും നര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് ഈ പ്രസ്താവനയിലും പറയുന്നത്. 1750 രൂപയാണ് നര്‍ത്തകര്‍ക്ക് ദിവസവേതനം നല്‍കിയത്. കരാര്‍ പ്രകാരം 600 രജിസ്‌ട്രേഡ് നര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി ആകെ 94,60,500 രൂപ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിക്ഷേപിച്ചു.
കൂടാതെ ആറുദിവസത്തെ കൂലിയായി 10,500 രൂപ വീതം ബാക്കിയുള്ള ഫ്രീലാന്‍സ് നര്‍ത്തകരുടെ ഓരോരുത്തരുടെയും അക്കൗണ്ടിലും നിക്ഷേപിച്ചു. ലിയോ നിര്‍മാതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍അടിസ്ഥാന രഹിതമാണെന്നും ആര്‍.കെ. സെല്‍വമണി വ്യക്തമാക്കി.