Latest News

നിര്‍മ്മാതാവിന്റെ സുഹൃത്തുക്കളും കുറെ ഗുണ്ടകളും സിനിമയുടെ ലൊക്കേഷനില്‍ സ്ഥിരമായി ഉണ്ടായിരുന്നു; ഇവര്‍ സ്ത്രീകളുടെ റൂമില്‍ അതിക്രമിച്ച് കയറിയപ്പോള്‍ ഞാന്‍ ഇറക്കി വിട്ടു; ഹാപ്പി സര്‍ദാറിന്റെ ലൊക്കേഷനില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് മാലാ പാര്‍വ്വതി

Malayalilife
  നിര്‍മ്മാതാവിന്റെ സുഹൃത്തുക്കളും കുറെ ഗുണ്ടകളും സിനിമയുടെ ലൊക്കേഷനില്‍ സ്ഥിരമായി ഉണ്ടായിരുന്നു; ഇവര്‍ സ്ത്രീകളുടെ റൂമില്‍ അതിക്രമിച്ച് കയറിയപ്പോള്‍ ഞാന്‍ ഇറക്കി വിട്ടു; ഹാപ്പി സര്‍ദാറിന്റെ ലൊക്കേഷനില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് മാലാ പാര്‍വ്വതി

കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. നടി ലൊക്കേഷനിലെ ദുരനുഭവം പങ്ക് വച്ച് കുറിപ്പിട്ടതോടെ സിദ്ദിഖ് അടക്കം ഇടപെട്ട് പ്രശ്നം പരിഹരിച്ചുവെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിയുടെ പോസ്റ്റിന് പിന്നാലെ നായകനും നായികയ്ക്കും ഇല്ലാത്ത കാരവന്‍, നായികയുടെ അമ്മ വേഷം ചെയ്യുന്നയാള്‍ക്ക്' വേണമെന്നും നിര്‍മ്മാതാവിനുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാകാത്ത നടിമാരാണ് മലയാള സിനിമയുടെ ശാപമെന്നും നിര്‍മ്മാതാവിന്റെ ക്യാഷറായ സഞ്ജയ് പാല്‍ ആരോപണമുന്നയ് രംഗത്തെത്തി. ഇതോടെ വിഷയം വീണ്ടും ചര്‍ച്ചയായി മാറി.

നിര്‍മ്മാതാവിന്റെ ആരോപണത്തിന് തെളിവ് സഹിതം നടി രംഗത്തെത്തിയിരുന്നു.സെറ്റില്‍ മൂത്രമൊഴിക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും സ്വന്തം ചെലവില്‍ താന്‍ ഒരു കാരവന്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയുണ്ടായെന്നുമാണ് നടി പറഞ്ഞത്. എന്നാല്‍ ലൊക്കേഷനില്‍ താന്‍ നേരിട്ട ദുരവസ്ഥകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നടി. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് നടി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

എണ്‍പത്തിയാറ് സിനിമകള്‍ ചെയ്ത വ്യക്തിയാണ് ഞാന്‍. എന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ദാരുണമായ ഒരു അവസ്ഥയിലൂടെ കടന്നുപോവുന്നത്. ചിത്രത്തില്‍ അഭിനയിച്ച 37 ദിവസം മോശമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. ഉച്ചയ്ക്ക് മൂന്ന് മുതല്‍ പിറ്റേന്ന് വെളുപ്പിന് ആറ് വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്ന സ്ഥലം ബ്ലോക്ക് ആയിരുന്നു, പലപ്പോഴും ഈ കാര്യം പ്രൊഡക്ഷന്‍ ടീമിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മൂത്രത്തില്‍ അണുബാധയായി ഞാന്‍ ആശുപത്രിയില്‍ പോവേണ്ടിവരെ വന്നു. തുടര്‍ന്ന് എന്റെ സ്വന്തം പണം മുടക്കിയാണ് ഞാന്‍ കാരവാന്‍ എടുത്തത്. ഇത് അവര്‍ക്ക് ഇഷ്ടമായില്ല. അതിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചു.

പല ദിവസവും ഭക്ഷണം തന്നില്ല. വെള്ളം കുടിച്ചാല്‍ പോലും കണക്ക് പറയുന്ന അവസ്ഥയാണ് നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചിത്രത്തില്‍ അഭിനയിച്ച പുതുമുഖങ്ങളായ കുട്ടികള്‍ക്ക് വണ്ടിക്കൂലിപോലും നിര്‍മ്മാതാവ് കെടുത്തില്ല, ടോയ്ലെറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ആ കുട്ടികളും എന്റെ കാരവാനാണ് ഉപയോഗിച്ചത്. സിനിമയിലെ സംവിധായകരെ ഓര്‍ത്താണ് ഞാന്‍ ഷൂട്ടിങ് സമയത്ത് എല്ലാം സഹിച്ച് നിന്നത്. എന്നാലും അവകാശങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രതികരിച്ചു. 'എന്റെ പൈസ തിന്ന് തീര്‍ത്തിട്ട് മിണ്ടുന്നോ' എന്നാണ് നിര്‍മ്മാതാവ് ഹസീബ് ഹനീഫ് ചോദിച്ചത്.

നിര്‍മ്മാതാവിന്റെ സുഹൃത്തുക്കളും കുറെ ഗുണ്ടകളും സിനിമയുടെ ലൊക്കേഷനില്‍ സ്ഥിരമായി ഉണ്ടായിരുന്നു. പലപ്പോഴും സെറ്റില്‍ പരസ്പരം മിണ്ടാന്‍ പാടില്ലന്ന് അവര്‍ നിയമം പുറപ്പെടുവിച്ചു. പുതിയതായി അഭിനയിക്കാന്‍ വന്ന കുട്ടികളെ ഭീക്ഷണിപ്പെടുത്തി. ഒരിക്കല്‍ സ്ത്രീകളുടെ റൂമില്‍ നിര്‍മ്മാതാവിന്റെ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞ് കുറച്ചാളുകള്‍ അതിക്രമിച്ച് കയറി. ഇവരെ ഞാന്‍ ഇറക്കി വിട്ടു. അത് എന്നോടുള്ള ദേഷ്യത്തിന് കാരണമായി. നിര്‍മ്മാതാവിന്റെ കാഷ്യര്‍ സഞ്ജയ് പാലാണ് അവിടെ ഓരോ നിയമങ്ങള്‍ കൊണ്ടുവന്നത്. മര്യാദയില്ലാത്ത സംസാരമാണ് പലപ്പോഴായി അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

സെറ്റിലെ മോശം അവസ്ഥയെപറ്റിയും നിര്‍മ്മാതാവിന്റെ പെരുമാറ്റത്തെകുറിച്ചും ഞാന്‍ അമ്മ സംഘടനയ്ക്ക് കത്ത് അയച്ചു. അവരുടെ ഭാഗത്ത് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. പ്രശ്‌നത്തില്‍ ഇടപ്പെട്ടു.

ഫേസ്ബുക്കിലൂടെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ സഞ്ജയ് പാല്‍ എന്നെ അപമാനിക്കുന്നത് മമ്മൂട്ടിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അദ്ദേഹം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. പ്രശ്‌നത്തില്‍ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടു. രഞ്ജി പണിക്കര്‍ ,ബി ഉണ്ണിക്കൃഷ്ണന്‍, ഇടവേള ബാബു, രഞ്ജിത്ത് രജപുത്ര, സുരേഷ് കുമാര്‍, ഇവരെല്ലാം വിളിച്ച് സംഭവത്തെക്കുറിച്ച് തിരക്കി. എല്ലാവരും എന്നോടൊപ്പം നിന്നു.

ഈ സംഭവങ്ങള്‍ അറിഞ്ഞതോടെ ആന്റോ ജോസഫ് ഇടപ്പെട്ടു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ മീറ്റിങ് വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ സെറ്റിലുണ്ടായ മോശം അവസ്ഥ അറിഞ്ഞതോടെ സിനിമയ്ക്ക് ബഡ്ജറ്റ് ഇടുമ്പോള്‍ സ്ത്രീകളുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ സിനിമ തുടങ്ങാന്‍ പാടില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം എടുത്തു. ഡബ്യൂസിസിക്കും ഒരു കത്ത് അയച്ചിട്ടുണ്ട്.

maala-parvathi-says-about-happysardar-location-issu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES