നടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹഅഭ്യര്‍ത്ഥന നടത്തിയ യുവാവിനെ അതിസാഹസികമായി കീഴ്‌പ്പെടുത്തി പൊലീസ്. ഭോജ്പുരി താരമായ റിതു സിംഗ് ആണ് അതിക്രമത്തിന് ഇരയായത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ സോന്‍ബദ്രയിലെ സ്വകാര്യ ഹോട്ടലില്‍ റിതു താമസിക്കുമ്പോഴാണ് യുവാവ് ആക്രമിച്ച് മുറിയിലേക്ക് പ്രവേശിച്ചത്. യു.പി സ്വദേശിയായ പങ്കജ് യാദവ് എന്ന യുവാവാണ് സംഭവത്തിലെ പ്രതി.
നടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ യുവാവ് തന്നെ വിവാഹം കഴിക്കൂ എന്ന് ആക്രോശിച്ചു കൊണ്ട് തോക്കിന്‍ മുനയില്‍ നിര്‍ത്തി. അഭ്യര്‍ഥന നിരസിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
ഭയന്ന റിതു ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട മറ്റൊരു യുവാവ് നടിയെ രക്ഷിക്കാന്‍ ഓടിയെത്തി. എന്നാല്‍ അയാളെ പങ്കജ് യാദവ് വെടിവെച്ചിട്ടു. ഹോട്ടല്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയും എസ്.പി പാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം പെട്ടന്നു തന്നെ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. ആ സമയം മുഴുവന്‍ നടി പങ്കജ് യാദവിന്റെ പിടിയിലായിരുന്നു.
തോക്ക് താഴെ വച്ച് കീഴടങ്ങാന്‍ പങ്കജ് യാദവിനോട് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ സമ്മതിച്ചില്ല. പോലീസിന് നേരേ അയാള്‍ നിറയൊഴിച്ചു. എസ്.പി പാട്ടിലിന്റെ ചെവിക്ക് പരിക്കു പറ്റി. കടുത്ത ബലപ്രയോഗത്തിന് ശേഷം പോലീസ് അയാളെ കീഴടക്കി.
എസ്.പി പാട്ടിലും പരിക്കേറ്റ യുവാവും ഇപ്പോള്‍ ചികിത്സയിലാണ്. നടിയെ വിവാഹം കഴിക്കുമെന്ന് അയാള്‍ പറഞ്ഞുവെന്നും ഇല്ലെങ്കില്‍ എല്ലാവരെയും കൊല്ലുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയതായി എസ്.പി പാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.