ഏതാനും മണിക്കൂറുകൾക്ക് മുൻപ് നടൻ മാധവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് വിവാഹ അപേക്ഷയുമായി ഒരു ആരാധിക എത്തിയത്. ‘എനിക്ക് പതിനെട്ടു വയസായി, താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ?’ എന്നാണ് അവർ ചിത്രത്തിന് താഴെ കുറിച്ചത്. സ്നേഹം നിറഞ്ഞ മറുപടിയുമായി താരവും രംഗത്തെത്തി.
‘ നിങ്ങളെ വിവാഹം കഴിക്കാൻ എന്നെക്കാളും അർഹതയുള്ള ഒരാളെ നിങ്ങൾ തീർച്ചയായും കണ്ടെത്തും’ എന്നാണു നീന ജയ് എന്ന് പേരുള്ള ആരാധികയോട് മാധവന് പറയാനുണ്ടായിരുന്നത്. ഏറ്റവും ഗ്രേസ്ഫുൾ ആയി അദ്ദേഹം നൽകിയ മറുപടിയെ കൈയ്യടിയോടെയാണ് മറ്റു ആരാധകർ സ്വീകരിച്ചിരിക്കുന്നത്.
മാധവന്റെ പുതിയ ചിത്രമായ ‘റോക്കറ്ററി’യിലെ സാൾട്ട് ആൻഡ് പേപ്പർ ലുക്കിൽ ഉള്ള ഒരു ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ‘റോക്കറ്റ്രി’യുടെ സംവിധായകനും കൂടിയാണ് മാധവൻ. ഐ എസ് ആർ ഓ ചാരക്കേസിൽ കുറ്റാരോപിതനാവുകയും പിന്നീട് കുറ്റവിമുകതനാവുകയും ചെയ്ത നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് മാധവൻ തന്റെ ആദ്യ സംവിധാന സംരംഭമായി തെരെഞ്ഞെടുത്തത്. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായിക.