തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ കന്നി മലയാളം ചിത്രം മാർക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിജയ് സേതുപതിക്കൊപ്പം, ജയറാമിനെ നായകനാക്കി സനിൽ കളത്തിൽ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ദുൽഖർ സൽമാന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.പിന്നീട് വിജയ് സേതുപതിയും തന്റെ പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു.
സത്യം മൂവീസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എം.ജിയാണ് നിർമ്മാണം. ചിത്രത്തിൽ തെന്നിന്ത്യൻ നടി ആത്മീയയാണ് നായിക. അജു വർഗീസ്, സിദ്ധാർത്ഥി ശിവ, സുധീർ കരമന, കലാഭവൻ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആൽഫി, നരേൻ, ഇടവേള ബാബു, മുകുന്ദൻ, ദേവി അജിത്ത്, റീന ബഷീർ, മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ, ശോഭ സിങ്, അനാർക്കലി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
സനിൽ കളത്തിൽ, റെജീഷ് മിഥില എന്നിവർചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാജൻ കളത്തിൽ നിർവഹിക്കുന്നു. അനിൽ പനച്ചൂരാൻ, ബി.കെ ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രനാണ് സംഗീതം.