Latest News

സിനിമയില്‍ എത്തിയിട്ട് 30 വര്‍ഷങ്ങള്‍; ഇന്ന് വരെ ഒരു വേദിയിലും ടച്ച് വിട്ട് പോയ് എന്ന് പറഞ്ഞ് കേട്ടിട്ടില്ല; 'പൊന്നിയിന്‍ സെല്‍വന്റെ' പ്രൊമോഷനിടെ പ്രഭുവിനെയും കാര്‍ത്തിയെയും മണിരത്‌നത്തെയും അനുകരിച്ച് കൈയ്യടി നേടുന്ന ജയറാമിന്റെ വീഡിയോയുമായി രമേഷ് പിഷാരടി

Malayalilife
സിനിമയില്‍ എത്തിയിട്ട് 30 വര്‍ഷങ്ങള്‍; ഇന്ന് വരെ ഒരു വേദിയിലും ടച്ച് വിട്ട് പോയ് എന്ന് പറഞ്ഞ് കേട്ടിട്ടില്ല; 'പൊന്നിയിന്‍ സെല്‍വന്റെ' പ്രൊമോഷനിടെ പ്രഭുവിനെയും കാര്‍ത്തിയെയും മണിരത്‌നത്തെയും അനുകരിച്ച് കൈയ്യടി നേടുന്ന ജയറാമിന്റെ വീഡിയോയുമായി രമേഷ് പിഷാരടി

മിമിക്രി വേദിയില്‍ നിന്ന് മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ജയറാം. രസകരമായ സംഭാഷണങ്ങളിലൂടെയും മിമിക്രിയിലൂടെയുമൊക്കെ സദസ്സിനെ കയ്യിലെടുക്കാന്‍ പ്രത്യേക കഴിവുള്ള നടന്റെ ഏറ്റവും പുതിയ മിമിക്രി വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പൊന്നിയന്‍ സെല്‍വന്റെ പ്രമോഷനിടെ നടന്‍ പ്രഭുവിനെയും മണിരത്‌നത്തെയും കാര്‍ത്തിയെയുംഅനുകരിച്ച് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന ജയറാമിന്റെ വീഡിയോ രമേശ് പിഷാരടി പങ്ക് വച്ചു.

സിനിമയിലെത്തിയിട്ട് മുപ്പത് വര്‍ഷമായിട്ടും ഒരു വേദിയില്‍ പോലും മിമിക്രി ടച്ച് വിട്ട് പോയെന്ന് ജയറാം പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നും  രമേശ് പിഷാരടി വീഡിയോയ്ക്കൊപ്പം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.രജനീകാന്ത്, കമല്‍ഹാസന്‍, മണിരത്‌നം, എ ആര്‍ റഹ്മാന്‍, പ്രഭു, വിക്രം, ഐശ്വര്യറായ്, കാര്‍ത്തി തുടങ്ങി താരനിബിഡമായ സദസ്സിനു മുന്നിലായിരുന്നു ജയറാമിന്റെ രസകരമായ മിമിക്രി അവതരണം.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകന്റെ വലിയ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്നു കൈകാര്യം ചെയ്ത് വേദിയിലെത്തിയപ്പോഴും, അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടന്‍' രമേശ് പിഷാരടി കുറിച്ചു.പൊന്നിയിന്‍ സെല്‍വന്‍ ഷൂട്ടിനിടെ നടന്‍ പ്രഭുവിനൊപ്പം കാരവാന്‍ പങ്കിട്ടപ്പോഴുണ്ടായ രസകരമായ അനുഭവമാണ് ജയറാം വേദിയില്‍ പങ്കുവച്ചത്. പുലര്‍ച്ചെ നാലരമണിയ്ക്ക് രണ്ടു പാക്കറ്റ് ഫുഡുമായി പ്രഭു സാര്‍ വന്നു വിളിച്ചു. കയ്യിലുള്ള ഭക്ഷണം രണ്ടുപേര്‍ക്കും ഷെയര്‍ ചെയ്തു കഴിക്കാമെന്ന് പറഞ്ഞു. ഒരുപാട് നേരത്തെയല്ലേ, ഈ സമയത്ത് എങ്ങനെ കഴിക്കുമെന്നായി ഞാന്‍. നിനക്ക് മണിരത്‌നത്തെ അറിയില്ലേ, മണി ബ്രേക്കേ തരില്ല, കഴിക്കുന്നെങ്കില്‍ ഇപ്പോഴേ കഴിക്കാം. നാലര മണിയ്ക്ക് കഴിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഞാനവിടെയൊക്കെ ഒന്നു ചുറ്റികറങ്ങി നടന്നിട്ട് വന്ന് പ്രഭുസാറോട് പറഞ്ഞു,മണി സാര്‍ പറഞ്ഞു. 

ഒരേ ഒരു ഷോട്ടേയുള്ളൂ. അതുകഴിഞ്ഞ് ക്യാമറ സെറ്റ് ചെയ്യാന്‍ രണ്ടുമണിക്കൂര്‍ എടുക്കും, ആ സമയം ഭക്ഷണം കഴിക്കാമെന്ന്. മണി അങ്ങനെ പറഞ്ഞോ, എന്നാല്‍ ഓകെ, എന്നും പറഞ്ഞ് എന്നെ വിശ്വസിച്ച് പ്രഭുസാര്‍ കഴിക്കാതെ ഷൂട്ടിനിറങ്ങി.ആറുമണിയ്ക്ക് ആരംഭിച്ച ഷൂട്ട് 7 മണിയായി, എട്ടായി, പത്തായി, പതിനൊന്നായി. പത്തുമണിയായപ്പോഴൊക്കെ എനിക്ക് പ്രഭുസാറിന്റെ ശബ്ദം കേള്‍ക്കാം, ഏയ് മണീ... എനിക്ക് വിശക്കുന്നൂ ഷൂട്ടിംഗ് നീണ്ടുപോയി രണ്ടുമണിയായി. ഞാന്‍ പ്രഭുസാറിന്റെ കണ്ണില്‍ പെടാതെ ഒരിടത്തുപോയി ഇരിക്കുകയാണ്. അപ്പോഴെനിക്ക് ശബ്ദം കേള്‍ക്കാം, ആരേലും പോയി മൊട്ടയടിച്ച് കയ്യിലൊരു വടിയുമായി ഇരിക്കുന്ന ആളെ കണ്ടുപിടിച്ചുകൊണ്ടുവരൂ, അവന്റെ കയ്യിലെ വടിയെടുത്ത് അവന്റെ തലയ്ക്കിട്ട് തന്നെയൊന്നു കൊടുക്കൂ. വിശപ്പ് സഹിക്കാനാവാത്ത സാര്‍ ഞാന്‍ കാരണം ഏറെ കഷ്ടപ്പെട്ടു,ജയറാം തന്നെ അനുകരിച്ച് പറഞ്ഞ കഥയെ കയ്യടികളോടെ സ്വീകരിക്കുന്ന പ്രഭുവിനെയും വീഡിയോയില്‍ കാണാം.മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തില്‍ ആഴ്വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വിക്രം, ഐശ്വര്യ റായി, ജയം രവി, ഐശ്വര്യ ലക്ഷ്മി, കാര്‍ത്തി, പ്രഭു, തൃഷ, പ്രകാശ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്‌നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതല്‍മുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്രഫിക്ഷന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രം. ചോള വംശത്തിലെ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്.

 

mimicry by jayaram video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES