മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്യുന്ന 'സ്ഫടികം'. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും ഇന്നും മലയാളികളുടെ മനസ്സില്‍ ഒളിമങ്ങാതെ കിടപ്പുണ്ട്. പുതിയ സാങ്കേതിക മികവില്‍ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രന്‍. ചിത്രത്തിന്റെ 24ാം വാര്‍ഷിക വേളയിലായിരുന്നു സംവിധായകന്‍ ഇക്കാര്യം മലയാളികളെ അറിയിച്ചത്. ഇപ്പോഴിതാ റീമാസ്റ്ററിങ് പതിപ്പിന്റെ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍ സംഘം.
'ഭദ്രന്‍ സാറിനോടൊപ്പം. മുഴുവന്‍ മലയാളികള്‍ക്കുമൊപ്പം ഞങ്ങളും കാത്തിരിക്കുന്നു. ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനില്‍ കാണാന്‍! ബിഗ് സ്‌ക്രീനില്‍ ഫോര്‍കെ ഡോള്‍ബി അറ്റ്മോസ് റീമാസ്റ്റേര്‍ഡ് പതിപ്പുമായി ആടു തോമ വീണ്ടും വരുന്നു. കാത്തിരിക്കുക!', എന്നാണ് ഓള്‍ഡ് മങ്ക്‌സ് ഡിസൈനിന്റെ പേജില്‍ കുറിച്ചത്. ഭദ്രനൊപ്പമുള്ള ഓള്‍ഡ് മങ്ക്‌സ് സംഘത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
1995 ലാണ് സ്ഫടികം റിലീസ് ചെയ്യുന്നത്. ഭദ്രന്റെ കഥയ്ക്ക് ഡയലോഗുകള്‍ എഴുതിയത് രാജേന്ദ്ര ബാബുവായിരുന്നു. ജെ വില്യംസ്, എസ് കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. മോഹന്‍ലാലിന് പുറമെ തിലകന്‍, ഉര്‍വ്വശി, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ഡയലോഗുകള്‍ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വളരെ ശ്രദ്ധേയമായിരുന്നു. എസ് പി വെങ്കിടേഷാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആടുതോമ എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.