32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ച് വീണ്ടുമെത്തുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. പത്മരാജന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ഭാഷയുമായി എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' യുടെ ടീസര്‍ റിലീസ് ചെയ്തതാണഅ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.
മോഹന്‍ലാലാണ് തന്റെ ഓഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഒരു മിനിറ്റും 15 സെക്കന്‍ഡും നീളുന്ന ടീസറില്‍ ചൈനീസ് ഭാഷ സംസാരിക്കുന്ന മോഹന്‍ലാലും കെ.പി.എ.സി ലളിതയുമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഒപ്പം സലീം കുമാറും പള്ളിവികാരിയുടെ വേഷത്തില്‍ സിദ്ദിഖുമുണ്ട് ടീസറില്‍.
നവാഗതരായ ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന'. ആശിര്‍വാസ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.