നടി നവ്യ നായര്‍ മലയാളികള്‍ക്കെന്നും ബാലാമണിയാണ്. നവ്യ നായികയായി അഭിനയിച്ച നന്ദനം എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമാണ് ബാലാമണി. ഇന്നും സ്ത്രീകളടക്കമുള്ളവരുടെ മനസില്‍ നവ്യ നിറഞ്ഞ് നില്‍ക്കാനുള്ള കാരണം ഈ കഥാപത്രം തന്നെയാണ്. മുംബൈയില്‍ ബിസിനസുകാരനായ സന്തോഷ് മേനോനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നവ്യ വീണ്ടും ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. എന്നാല്‍ ആ സമയത്ത് ഏറ്റവും കൂടുതല്‍ സജീവമായത് നടി ഭര്‍ത്താവുമായി പിണക്കത്തിലാണോ എന്നതായിരുന്നു. അതിനു ശേഷം മകന്‍ സായിയുടെയും നവ്യയുടെയും പിറന്നാള്‍ ആഘോഷങ്ങള്‍ക്കും നവ്യയുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ക്കും ഒന്നും സന്തോഷ് എത്താതിരുന്നത് ഈ ചര്‍ച്ച സജീവമാക്കി.
എന്നാല്‍ ഇപ്പോഴിതാ, ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം നിന്ന് മകന്റെ 12-ാം പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് നവ്യാ നായര്‍. അതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഭര്‍ത്താവ് സന്തോഷ് മേനോന്‍, നവ്യയുടെ അച്ഛനമ്മമാര്‍, ഭര്‍ത്താവിന്റെ അമ്മയും സഹോദരി ലക്ഷ്മിയും തുടങ്ങി പ്രിയപ്പെട്ടവരെല്ലാം സായിയുടെ പിറന്നാള്‍ ആഘോഷിക്കുവാന്‍ എത്തിയിട്ടുണ്ട്. സായിക്ക് അച്ഛനും അമ്മയും ചേര്‍ന്ന് പിറന്നാള്‍ മധുരം നല്‍കുന്ന വീഡിയോ നവ്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തതോടെയാണ് ഈ വിശേഷം ആരാധകരും അറിഞ്ഞത്.
ചിത്രങ്ങള്‍ ഇനിയും ഉണ്ടാവും എന്നും നവ്യ പറഞ്ഞിട്ടുണ്ട്. ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് പിറന്നാള്‍ കേക്കും മറ്റും അണിയിച്ചൊരുക്കിയത്. സായിയുടെ ഇഷ്ട തീമിലാണ് ആഘോഷങ്ങള്‍ കളര്‍ ആക്കിയത് എന്നാണ് സൂചന. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് നവ്യ ചിത്രങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. സായിയുടെ മുന്‍പത്തെ പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ നവ്യ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. അന്ന് നവ്യയുടെ വീട്ടുകാര്‍ക്കൊപ്പം ലളിതമായി ആഘോഷിച്ച പിറന്നാള്‍ തിരക്കുകള്‍ ഒഴിഞ്ഞ് കളറാക്കുകയായിരുന്നു നവ്യ ഇപ്പോള്‍.
നവ്യയുടെ പുതിയ സംരംഭമാണ് മാതംഗി എന്ന പേരില്‍ തുടങ്ങിയ നൃത്ത പഠന ക്ലാസ്. അവിടെ വച്ചാണ് പിറന്നാള്‍ ആഘോഷവും നടത്തിയത് എന്നാണ് സൂചന. കാരണം, ആഘോഷത്തോടനുബന്ധിച്ച് രസകരമായ സ്പൂണ്‍ റേസ് മത്സരം അടക്കം സംഘടിപ്പിച്ചതും അതിന്റെ വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്തായാലും ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം വിപുലമായി നടത്തിയ പിറന്നാള്‍ ആഘോഷം വിവാഹമോചന വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കുള്ള മികച്ച മറുപടിയാണ്.
ബിസിനസ്സുകാരനായ ഭര്‍ത്താവ് സന്തോഷ് മേനോന്‍ നവ്യയുടെ ചിത്രങ്ങളില്‍ പ്രത്യക്ഷപെടാത്തത് നവ്യക്ക് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പൊല്ലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇക്കുറി മകന്റെ പിറന്നാളിന് തിരക്ക് മാറ്റിവച്ച് എത്തിയതോടെ ആ പരിഭവം മാറിക്കഴിയും. മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാന്‍ഡിന്റെ ചിത്രവും നവ്യ പോസ്റ്റ് ചെയ്തു. റിമി ടോമി, മന്യ, ലക്ഷ്മി നക്ഷത്ര തുടങ്ങിയവര്‍ സായ് കൃഷ്ണയ്ക്ക് പോസ്റ്റിനു താഴെ കമന്റുകളിലൂടെ ആശംസ അറിയിച്ചിട്ടുണ്ട്.