തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിവാഹം ക്ഷണിക്കാനായി നേരിട്ടെത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും. സ്റ്റാലിനെ നേരിട്ടെത്തി വിവാഹം ക്ഷണിക്കുന്ന താരങ്ങളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു . നടനും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു ഉണ്ടായിരുന്നു.
സിനിമാ നിരീക്ഷകനായ രമേശ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്റ്റാലിന്റെ മകനും നടനും സംവിധായകനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിനൊപ്പമാണ് ഇരുവരും മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനെത്തിയത്.അടുത്തിടെ താരങ്ങളുടേതെന്ന് കരുതപ്പെടുന്ന ഡിജിറ്റല്‍ ക്ഷണക്കത്ത് പുറത്തുവന്നിരുന്നു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമമാണ് ക്ഷണക്കത്ത് പുറത്തുവിട്ടത്.
മോഷന്‍ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ ഒന്‍പതിന് തിരുപ്പതിയില്‍വച്ചായിരിക്കും വിവാഹമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയന്‍, വിക്കി എന്നാണ് വധൂവരന്‍മാരുടെ പേര് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
2015ല്‍ പുറത്തിറങ്ങിയ വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. കഴിഞ്ഞ വര്‍ഷം താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
നയനും വിക്കിയും വീണ്ടുമൊന്നിച്ച പുതിയ ചിത്രമായ 'കാതുവാക്കുലെ രെണ്ട് കാതല്‍' കഴിഞ്ഞ ഏപ്രില്‍ 28നാണ് തിയേറ്ററുകളില്‍ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സാമന്തയാണ് മറ്റൊരു നായിക. ഓ2 എന്ന തമിഴ് ചിത്രമാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അജിത്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് വിഘ്നേഷ് ശിവന്‍ ഇപ്പോള്‍.