നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിലൂടെ ശക്തമായ കഥാപാത്രമായി പൂര്‍ണിമ ഇന്ദ്രജിത്ത് എത്തുന്നു. നിവിന്‍ അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തിന്റെ ഉമ്മയുടെ റോളാണ് പൂര്‍ണിമയ്ക്ക്. ചിത്രത്തിലെ നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതിനോടകം കൈയ്യടി നേടിക്കഴിഞ്ഞു.
എല്ലാ കഠിനാധ്വാനവും ക്ഷമയും ഫലം നല്‍കട്ടെ. സ്‌ക്രീനില്‍ ഉമ്മയെ കാണാനായി കാത്തിരിക്കുന്നു,എന്ന കുറിപ്പോടെ ഇന്ദ്രജിതും പോസ്റ്റര്‍ പങ്ക് വച്ചിരുന്നു.ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇതിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഗോപന്‍ ചിദംബരമാണ്. ഷഹബാസ് അമനാണ് സംഗീതം.