അഭിലാഷ് ജോഷി- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രമാണ് ' കിംഗ് ഓഫ് കൊത്ത'. പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ദുല്‍ഖര്‍ ചിത്രം ബോക്സ് ഓഫീസില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ദുല്‍ഖറിനെ കൂടാതെ ഒരു നീണ്ട താരനിര തന്നെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 50 കോടി ബഡ്ജറ്റില്‍ ഇറങ്ങിയ സിനിമ വെറും 30 കോടിയാണ് വേള്‍ഡ് വൈഡ് നേടിയത്. ഈ കഴിഞ്ഞ സെപ്തംബര്‍ 29-നാണ് സിനിമ ഒടിടിയില്‍ ഇറങ്ങിയത്. ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിലാണ് റിലീസ് ആയത്.
ഒടിടിയില്‍ വന്നിട്ടും സിനിമയ്ക്ക് വേണ്ടത്ര പ്രേക്ഷക സ്വീകാര്യത കിട്ടിയിരുന്നില്ല. മാത്രവുമല്ല നിരവധി ട്രോളുകള്‍ക്കും സിനിമ കാരണമായി. പല സീനുകളും വച്ച് ട്രോളുകള്‍ വന്നു കഴിഞ്ഞിട്ടുണ്ട് സമൂഹ മാധ്യമങ്ങളില്‍. ചില കഥാപാത്രങ്ങള്‍ക്കും ട്രോളുകള്‍ ലഭിച്ചിട്ടുണ്ട്.
അതിലൊന്ന് കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ അമ്മ ഒരു പൂച്ചയ്ക്ക് വേണ്ടി മകനെ പോലെ കണ്ട രാജുവിനെ ഒറ്റികൊടുക്കുന്ന രംഗമാണ്. ഇതിന് വലിയ ട്രോളുകളാണ് ലഭിച്ചത്. കഥാപാത്രത്തിന് മാത്രമല്ല അത് അവതരിപ്പിച്ച നടി സജിത മഠത്തിലിനും രക്ഷയില്ല. വിമര്‍ശനങ്ങള്‍ പ്രൊഫൈലിലേക്ക് എത്തിയപ്പോള്‍ സജിത മറുപടിയുമായി എത്തിയിരിക്കുകയാണ്.
''കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറിപറയാനും പരിഹസിക്കാനും ഇന്‍ബോക്സില്‍ എത്തുന്നവരുടെ പ്രത്യേകശ്രദ്ധക്ക്, ഈ പ്രസ്തുതവിഷയത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ ഞാന്‍ വിവരം അറിയിച്ചോളാം.. (ഇതെങ്കിലും ഫലിക്കുമായിരിക്കുമല്ലേ? എന്തൊരു കഷ്ടമാണ് ഇത്..''), സജിത മഠത്തില്‍ പ്രതികരിച്ചു.
കിംഗ് ഓഫ് കൊത്തയിലെ വില്ലന്‍ കഥാപാത്രമായ കണ്ണന്‍ ഭായിയുടെ അമ്മയുടെ വേഷത്തിലായിരുന്നു സജിത മഠത്തില്‍ അഭിനയിച്ചത്. നേരത്തെ ചിത്രത്തില്‍ അഭിനയിച്ച നടന്‍ പ്രമോദ് വെളിയനാടിനെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. ചിത്രം തനിക്ക് 'ബാഹുബലി' പോലെ തോന്നി എന്ന് പറഞ്ഞ് അനാവശ്യ ഹൈപ്പ് നല്‍കിയെന്ന് ആരോപിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്.