ചലച്ചിത്ര നിര്‍മാതാവും, ഫെഫ്ക്ക ( പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ഷിബു ജി. സുശീലന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. സിനിമയില്‍ യുവ തലമുറയിലെ ചില താരങ്ങള്‍ സിനിമാ ലോകത്തിന്റെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കുന്ന നിലയിലാണ് പെരുമാറുന്നതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു.
ചില നടീ നടന്മാര്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. പിന്നാലെയാണ് ഷിബു ജി സുശീലനും കുറിപ്പ് പങ്ക് വച്ചത്.
ഷിബു ജി സുശീലന്റെ വാക്കുകളിലേയ്ക്ക്
അഭിനേതാക്കളെ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും അനുഭവിക്കുന്നത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവാണ്. കമ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, സമയത്ത് ഷൂട്ടിംഗിന് വരില്ല. ഇവര്‍ക്ക് പോയി കാശുകൊടുത്തിട്ട് ഇത്തരത്തിലാണ് ഇവര്‍ പെരുമാറുന്നത്. മാന്യമായ പെരുമാറ്റം ഉണ്ടാവുന്നില്ല. പൃഥി രാജൊക്കെ വലിയ കൂളായി പ്രവര്‍ത്തിക്കുന്നവരാണ്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ നില്‍ക്കുമ്പോഴാണ് പുതിയതായി വന്നവര്‍ ഇങ്ങനെ പെരുമാറുന്നത്.
കോടികള്‍ ഇത്ര ചെറുപ്പത്തിലേ കൈയില്‍ ലഭിക്കുന്നതിന്റെ തലക്കനമാകാം ഇവര്‍ക്ക്. നിര്‍മാതാക്കളും സംവിധായകരും എഴുത്തുകാരുമൊന്നും ഇവരുടെ പക്കലേയ്ക്ക് പോകരുത്. നമ്മള്‍ എന്തിനാണ് ഇവരെ വിളിച്ചുകൊണ്ടുവന്നിട്ട് തലവേദന ഏല്‍ക്കുന്നത്. ഇവര്‍ക്ക് കോടികളുടെ മാര്‍ക്കറ്റ് ഒന്നുമില്ല. പിന്നെ എന്തിനാണ് കടിക്കുന്ന പട്ടിയെ വാങ്ങുന്നത്.
അവര്‍ വിശ്രമിക്കട്ടെ, ഉറങ്ങട്ടെ. അവര്‍ ഇങ്ങോട്ട് വരണമെങ്കില്‍ അവരെ അങ്ങോട്ട് സമീപിക്കാതിരിക്കണം. ഷേന്‍ നിഗത്തിന് 'അമ്മയില്‍' മെമ്പര്‍ഷിപ്പ് എടുത്തുകൊടുത്തതില്‍ കുറ്റബോധമുണ്ട്. അംഗത്വമെടുത്ത് കുറേ നാള്‍ക്ക് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എനിക്ക് പറ്റിയ അബദ്ധമാണതെന്ന് ഇടവേള ബാബുവിനോട് പറഞ്ഞിട്ടുണ്ട്.
എഡിറ്റിംഗ് കാണണമെന്ന് ആവശ്യപ്പെടുന്നത് ഷേന്‍ നിഗമാണ്. കുടുംബമടക്കം എഡിറ്റിംഗില്‍ ഇടപെടാറുണ്ട്. ശ്രീനാഥ് ഭാസിയും സിനിമയില്‍ പ്രശ്‌നമുണ്ടാക്കുന്നയാളാണ്. ഹോം സിനിമയില്‍ അഭിനയിക്കുന്ന സമയം, ശ്രീനാഥ് സെറ്റിലെത്തുന്നത് വളരെ താമസിച്ചാണ്. ഇത് ശരിയല്ലെന്ന് പറഞ്ഞ് ഞാന്‍ ശ്രീനാഥിന് മെസേജ് അയച്ചു. ഇതിന് പിന്നാലെ ഷിബു ചേട്ടന്‍ തന്നെ പിഡീപ്പിക്കുന്നുവെന്ന് പറഞ്ഞ് ശ്രീനാഥ് ഹോമിന്റെ നിര്‍മാതാവ് വിജയ് ബാബുവിന് മെസേജ് അയച്ചു. നടന്‍ ഇന്ദ്രന്‍സ് ചോദിച്ചു എന്തിനാണ് ഇത്ര രാവിലെ തന്നെ സെറ്റില്‍ കൊണ്ടിരിത്തുന്നതെന്ന്. സിനിമയുടെ പ്രൊമൊഷനും ശ്രീനാഥ് വന്നില്ല.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെവച്ച് എങ്ങനെ സിനിമ ചെയ്യും. ഇനിയാര്‍ക്കും അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തുകൊടുക്കില്ല. പുതിയ ആള്‍ക്കാര്‍ സിനിമയില്‍ എത്തിക്കഴിഞ്ഞ് ഒരു സിനിമ ഹിറ്റ് ആയിക്കഴിഞ്ഞാല്‍ അവരുടെ സ്വഭാവം മാറുകയാണ്. ഇനി ഇത്തരക്കാരെ സമീപിക്കരുത്. അവര്‍ വിശ്രമിക്കട്ടെ.