സുഡാനി ഫ്രം നൈജീരയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രമാണ് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഇന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ആരംഭിക്കും. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകന്‍. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിനു ശേഷം സൗബിന്‍ സാഹിര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'.
മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ഫോഴ്‌സ്', 'ബദായ് ഹോ', തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെയും നിരവധിയേറെ പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാവുകയാണ് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പനി'ലൂടെ. 'കാര്‍ത്തിക് കാളിങ് കാര്‍ത്തിക്','വസീര്‍', 'വിശ്വരൂപം' സീരിസ് എന്നിവയുടെ ഛായാഗ്രാഹകനായ സനു ജോണ്‍ വര്‍ഗ്ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവത്സരദിനത്തില്‍ നടന്‍ ഫഹദ് ഫാസില്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു റോബോര്‍ട്ടിനൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന സൗബിന്റെ മുഖമുള്ള പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിദേശ ലൊക്കേഷനു പിറകെ കണ്ണൂരും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാവും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
'പറവ'യ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനായി സൗബ്ബിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ചിത്രത്തിന്റെ പ്രഖ്യാപനം.തന്റെ പുതിയ സംവിധാന സംരഭത്തിനൊപ്പം തന്നെ കൈനിറയെ പടങ്ങളുമായി അഭിനയജീവിതത്തിലും തിരക്കിലാണ് സൗബിന്‍. 'ഗപ്പി' സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജിന്റെ പുതിയ ചിത്രം 'അമ്പിളി'യിലും സന്തോഷ് ശിവന്റെ 'ജാക്ക് ആന്റ് ജില്‍' എന്ന ചിത്രത്തിലും ഭദ്രന്റെ 'ജൂതനി'ലുമെല്ലാം സൗബിനുണ്ട്.