അഭിനേത്രിയും അവതാരകയുമായി സജീവമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാര്‍ കഴിഞ്ഞ ദിവസം താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പ്രണയവിവാഹമാണ് തങ്ങളുടേതെന്നും താരപുത്രി അറിയിച്ചിരുന്നു. ഇപ്പോളിതാ പ്രണയം പിറന്ന വഴിയും ജീവിതത്തില്‍ ഒരുമിക്കാന്‍ പോകുന്ന ആളെക്കുറിച്ചും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.
അഞ്ചു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം. ദുബായില്‍ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയെ സ്വന്തമാക്കുന്നത്. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായില്‍ സെറ്റില്‍ഡാണ്. നവംബര്‍ 17 ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വിവാഹം.
എറണാകുളത്ത് സേക്രട്ട് ഹാര്‍ട് കോളേജില്‍ പഠിക്കുമ്പോള്‍ ഫ്‌ളാറ്റിലെ അയല്‍ക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീലക്ഷ്മി പറയുന്നു. ഫുഡും ഡ്രൈവിംഗുമാണ് ഞങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചതും അതു തന്നെയാണ്. പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞശേഷം ഈ വിവരം ആരും അറിയാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്തം.
ജിജിന്റെ വീട്ടിലാണെങ്കില്‍ എന്നെ ഒരു മകളെ പോലെയാണ് കാണുന്നത്. എല്ലാ സ്വാതന്ത്ര്യവും അവിടെയുണ്ട്. എന്നെ ആദ്യമായി ദുബായ് കാണിക്കാന്‍ കൊണ്ടുപോകുന്നത് ജിജിന്റെ മമ്മിയും ഡാഡിയുമാണ്. വെക്കേഷന്‍ സമയത്ത് പത്തു ദിവസം ഞാന്‍ വിസിറ്റിംഗ് വിസയില്‍ ദുബായില്‍ വന്നു. അന്നു പ്രണയം പൂത്തുനില്‍ക്കുന്ന സമയമാണെങ്കിലും അതൊന്നും പുറത്തുകാണിക്കാന്‍ പറ്റില്ലല്ലോ. ആ പത്തുദിവസവും ജിജിന്‍ ദുബായിലെ വിവിധ രുചികള്‍ പരിചയപ്പെടുത്തി തന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു
ഭാവിവരന്റെ കൈകോര്‍ത്തിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും താരം ആവശ്യപ്പെട്ടിരുന്നു.ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ച ശ്രീലക്ഷ്മി പഠനത്തിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവതാരകയായും നടിയായും തിളങ്ങിയ ശ്രീലക്ഷ്മി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
ഇപ്പോള്‍ വിദേശത്ത് മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശിനിയാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയെങ്കിലും അത്ര സജീവമായിരുന്നില്ല. ചുരുക്കം വേഷങ്ങളില്‍ മാത്രമാണ് ശ്രീലക്ഷ്മി എത്തിയിട്ടുള്ളത്.