സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കരിങ്കോഴി വില്‍പനയുടെ പോടിപൂരം കാലമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കരിങ്കോഴി ട്രോള്‍ ഏറ്റെടുത്ത് ഇപ്പോള്‍ യുവതാരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. അത്തരത്തില്‍ ഒരു ട്രോള്‍ ഏറ്റൈടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസ്. സ്‌കൈഡൈവിങ് ചെയ്യുന്ന വിഡിയോക്ക് താഴെ ഒരാരാധകനിട്ട് കമന്റിന് മറുപടിയായാണ് ടൊവിനോയുടെ ട്രോള്‍ എത്തിയത്.
പപ്പടവട എങ്ങനെ തയ്യാറാക്കാം എന്നായിരുന്നു അല്‍താഫ് എന്നയാള്‍ ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം വിഡിയോക്ക് താഴെ കമന്റ് ചെയ്തത്. ഒപ്പം ആവശ്യമായ ചേരുവകളുടെ ലിസ്റ്റും ഇയാള്‍ ചേര്‍ത്തിരുന്നു. ഇതിന് ടൊവിനോയുടെ മറുപടി കമന്റ് ഇങ്ങനെ: ''കരിങ്കോഴി കുഞ്ഞുങ്ങള്‍ ഉണ്ടോ, രണ്ടെണ്ണം എടുക്കാന്‍?'' രണ്ടായിരത്തിലധികം പേരാണ് ടൊവിനോയുടെ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്. പിന്നാലെ കരിങ്കോഴി കമന്റ് ഏറ്റെടുത്ത് നിരവധി പേരെത്തി. കടിക്കാത്ത രാജവെമ്പാല, അത്ഭുത വിളക്ക്, ദിനോസര്‍ കുഞ്ഞുങ്ങള്‍ ഇങ്ങനെ ട്രോള്‍ കമന്റുകളും എത്തി.
അഡാര്‍ ലൗ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേജില്‍ തുടങ്ങിയ കരിങ്കോഴി കച്ചവടം പ്രമുഖ പേജുകളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്.
കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക എന്ന ആവശ്യത്തോടെ കരിങ്കോഴി കുഞ്ഞുങ്ങളുടെ പടവുമായി പ്രത്യക്ഷപ്പെട്ട പരസ്യം ട്രോളന്‍മാര്‍ തലങ്ങും വിലങ്ങും പേജുകളില്‍ കൊണ്ട് പോയി പോസ്റ്റുകയായിരുന്നു. ഒമര്‍ ലുലുവിന്റെ എല്ലാ പോസ്റ്റുകളുടെ താഴെയാണ് കൂടുതലും ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. വളരെ കൂടുതലായി ഫോളോ ചെയ്യുന്നവരുടെ പോസ്റ്റിന് കീഴിലും ഇപ്പോള്‍ ഈ പരസ്യം കാണാം.