നടന്‍ സിദ്ദിഖിനെതിരായ മീടു ആരോപണത്തില്‍ പ്രതികരണവുമായി ഡബ്യൂ.സി.സി രംഗത്ത്. തിയറ്ററില്‍ വച്ച് മോശമായി പെരുമാറിയെന്ന യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തില്‍ സിദ്ദിഖ് നല്‍കിയ മറുപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചാണ് ഡബ്യൂ.സി.സി രംഗത്തെത്തിയിരിക്കുന്നത്. അമ്മ സംഘടനാ ഭാരവാഹികളിലെ പ്രമുഖനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണം അപമാനകരമാണെന്ന് ഡബ്യുസിസി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി ഡബ്യ.സി.സി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരപം ഇങ്ങനെ:-
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയില്‍ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിര്‍ന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടന്‍ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്.
ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായതകള്‍ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാല്‍ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.
നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടേതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാന്‍ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കള്‍ എന്ന് ഓര്‍മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെടുന്നു!
ഇരുപത്തിയൊന്നാം വയസ്സില്‍ തിരുവനന്തപുരം നിള തിയറ്ററില്‍ വച്ച് സിദ്ദിഖില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു രേവതി സമ്പത്തിന്റെ തുറന്നുപറച്ചില്‍. നടിയുടെ ആരോപണത്തോട് സരസമായായിരുന്നു താരത്തിന്റെ മറുപടി. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ ബ്രജിത്ത് എന്ന വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണ് എന്നു പറയുന്ന വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്. യുവതിയോട് 'ഐ ലവ് യു' എന്നു പറയുമ്പോള്‍ അവര്‍ തിരിച്ച് 'മീ ടൂ' എന്നു പറയുന്നു. യുവതി പറയുന്ന 'മീ ടൂ', ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ സജീവമായ 'മീ ടൂ' കാംപെയ്‌നാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം.
അതേസമയം ഈ ആരോപണത്തെക്കുറിച്ച് സിദ്ദിഖ് മനോരമ ഓണ്‍ലൈനോട് വെളിപ്പെടുത്തിയത് ഇങ്ങനെ: ഞാന്‍ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങില്‍ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് ഞങ്ങള്‍ പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തില്‍ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ല.