ഒരുമിച്ചുള്ള ദാമ്പത്യം. അതു കുറച്ചു വര്‍ഷങ്ങള്‍ മാത്രമാണ്. സിനിമയ്ക്കും അഭിനയത്തിനും പിന്നാലെയുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നത് വളരെ കുറച്ച് സമയം മാത്രമായിരിക്കും. പ്രത്യേകിച്ചും ഭാര്യയ്ക്കൊപ്പം. 24 വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ശേഷം ഒരു ഹണിമൂണ്‍ യാത്രയ്ക്ക് പോലും പോകാന്‍ സമയമോ സാമ്പത്തികമോ ഉണ്ടായിരുന്നില്ല നിയാസിന് അപ്പോള്‍. എന്നാലിപ്പോള്‍ മക്കള്‍ രണ്ടുപേരും മുതിര്‍ന്നു. അവരുടെ ജീവിതവുമായി പറക്കുവാന്‍ തുടങ്ങി. അപ്പോള്‍ നിയാസ് ഷൂട്ടിംഗ് തിരക്കുകളിലും ഭാര്യ വീട്ടില്‍ തനിച്ചും. എന്നാല്‍ ഇനി ഭാര്യയെ തനിച്ചാക്കാന്‍ താല്‍പര്യമില്ലെന്നും ഇത്രയും കാലം കുടുംബ പ്രാരാബ്ദങ്ങള്‍ക്കു പിന്നാലെ പാഞ്ഞ ഇരുവരും ഇനി ഒരുമിച്ച് ജീവിതം ആസ്വദിക്കുവാന്‍ പോവുകയാണെന്നും പറഞ്ഞിരിക്കുകയാണ് നിയാസ്. അതിനു കാരണം, മുന്നില്‍ അകാലത്തില്‍ മരണത്തിലേക്ക് പോയ അനുജന്‍ കലാഭവന്‍ നവാസിന്റെ ജീവിതം കൂടിയുണ്ട്. മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള ജീവിതം ജീവിച്ചു കൊതിതീരും മുന്നേ സംഭവിച്ച നവാസിന്റെ മരണം കുടുംബാംഗങ്ങളെ ആകെ ഉലച്ച സംഭവമായിരുന്നു.
ഇപ്പോഴിതാ, അതിന്റെ കൂടി അനുഭവത്തിലാണ് നിയാസ്. കുറിപ്പ് പങ്കുവച്ചത്:
''ഹസീനയുമൊത്ത് വിദേശത്തേയ്ക്കുള്ള രണ്ടാമത്തെ യാത്ര ദമാമിലേയ്ക്കാണ്. വിവാഹശേഷം ഹണിമൂണ്‍ ട്രിപ്പ് പോകാന്‍ കഴിയാത്ത പാവം ദമ്പതികളില്‍ ഞങ്ങളും ഉള്‍പ്പെടും. ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള ജീവിതയാത്രയില്‍ ഒരു ഹണിമൂണ്‍ യാത്ര നിവര്‍ത്തിച്ചു കൊടുക്കാനുള്ള സാമ്പത്തിക ശേഷി നാടകം കൊണ്ട് ഉപജീവനം നടത്തിയിരുന്ന അവളുടെ ഭര്‍ത്താവായ എനിക്ക് അന്നുണ്ടായിരുന്നില്ല.
അത്യാവശ്യം അല്ലലൊക്കെ തീര്‍ന്നപ്പോള്‍ മക്കളുമൊത്ത് ചില യാത്രകള്‍ പോയി സങ്കടം തീര്‍ത്തു. വിവാഹശേഷം 24 വര്‍ഷം കഴിഞ്ഞ് എന്റെ മകളുടെ വിവാഹത്തിന് ശേഷമാണ്, ഞാനും അവളും മാത്രമായി മൂന്നാറിലേയ്ക്ക് ഒരു യാത്ര പോയത്. ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരും എന്ന് പറയും പോലെ അതൊരു ലേറ്റസ്റ്റ് ട്രിപ്പ് തന്നെയായിരുന്നു. ഞങ്ങളുടെ ആദ്യത്തെ ഈ ഹണിമൂണ്‍ ട്രിപ്പ് ഇടയ്ക്കൊക്കെ ഞങ്ങള്‍ ഓര്‍ക്കാറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോഴും ഞങ്ങള്‍ക്കത് പ്രിയപ്പെട്ട യാത്രകളിലൊന്ന് തന്നെയാണ്. മോളും മോനും സ്വന്തം ചിറകില്‍ പറക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇപ്പോള്‍ ഞങ്ങള്‍ തനിച്ചാണ്. ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ എനിക്കും മക്കള്‍ക്കും വേണ്ടി മാത്രം ജീവിച്ച അവള്‍ക്ക് ഇനി അടുക്കളയില്‍ നിന്ന് ഒരു മോചനം വേണ്ടേ. ദമാമിലെ ഒരു ചാരിറ്റി സംഘടനയായ തൃശ്ശൂര്‍ നാട്ടുകൂട്ടത്തിന്റ ഇത്തവണത്തെ ക്രിക്കറ്റ് ലീഗ് സീസണ്‍ 6 ജഴ്‌സി ലോഞ്ചിങ് പ്രോഗ്രാമിനോടനുബന്ധിച്ച് ദമാമിലേയ്ക്ക് ക്ഷണം കിട്ടിയപ്പോള്‍ ഹസീനയേയും കൂട്ടി. ദൈവം അനുഗ്രഹിച്ചാല്‍ കഴിയാവുന്നത്ര ഇനിയുള്ള യാത്രകള്‍ അവളൊന്നിച്ചാക്കണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങളെ പോലെ ഹണിമൂണ്‍ ട്രിപ്പ് നഷ്ടപ്പെട്ട അന്നത്തെ എല്ലാ ദമ്പതിമാര്‍ക്കും അതിന് സാധ്യമാവട്ടെ എന്ന് പ്രാര്‍ഥന. ഒരു പുനര്‍ചിന്തനം.'' എന്നാണ് നിയാസ് ബക്കര്‍ കുറിച്ചത്. ഈ പരിപാടിക്കു ശേഷം മക്ക സന്ദര്‍ശിച്ച അനുഭവവും നിയാസ് പങ്കുവയ്ക്കുക ഉണ്ടായി.
''സര്‍വേശ്വരന്റെ അനുഗ്രഹത്താല്‍ മക്കയിലെ പുണ്യഭൂമിയില്‍ ഒരിക്കല്‍ കൂടി പ്രവേശിച്ചു. ആത്മീയതയുടെ ആനന്ദത്താല്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയ മനുഷ്യക്കടലിലൂടെ നിയന്താവിന്റെ പ്രകീര്‍ത്തനങ്ങള്‍ ചൊല്ലി ലയിച്ചു ചേര്‍ന്നു. കൂടെ ഹസീനയും ഉണ്ടായിരുന്നു. ഈ യാത്രയ്ക്ക് കാരണമായ അനുജന്‍ (എളാപ്പയുടെ മോന്‍) റഫീക്കിനും ദമാമിലുള്ള തൃശ്ശൂര്‍ നാട്ടുകൂട്ടത്തിലെ മുഴുവന്‍ കൂട്ടുകാര്‍ക്കും യാത്രയില്‍ ഞങ്ങളെ സഹായിച്ച മുഴുവന്‍ പ്രവാസി സഹോദരങ്ങള്‍ക്കും വേണ്ടി നിറഞ്ഞ സ്നേഹത്തോടെ പ്രാര്‍ഥിച്ചു.
സ്വന്തത്തിനെന്നപോലെ കുടുംബത്തിനും കുടുമ്പാദികള്‍ക്കും ബന്ധുമിത്രാതികള്‍ക്കുമായി പ്രാര്‍ഥിച്ചു. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ നാടിനു വേണ്ടിയും ഓര്‍മ്മയോടെ പ്രാര്‍ത്ഥിച്ചു. ലോകത്ത് പീഡനം അനുഭവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കായും പ്രാര്‍ഥിച്ചു.
ലോകാ സമസ്താഃ സുഖിനോ ഭവന്ദു. എന്ന വാക്യം മനസ്സില്‍ നിറഞ്ഞുനിന്നു. ശരീരം ഒരു തൂവല്‍ പോലെയായി. ആനന്ദത്താല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. സര്‍വതും സമാധാനപരമായി നിവര്‍ത്തിച്ചു തന്ന സര്‍വേശ്വരന് സര്‍വ സ്തുതി.''