തമിഴ് നടന്‍ രവി മോഹന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വസതിയില്‍ മോഷണം നടന്നതായും, ഇതിന്റെ പേരില്‍ വീട്ടുജോലിക്കാരെ വീട്ടില്‍ തടഞ്ഞുവെച്ചതായും റിപ്പോര്‍ട്ട്. പത്തുലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്ലേസും 40,000 രൂപയും മോഷണം പോയെന്നാരോപിച്ച് നടന്റെ ടീം വീട്ടുജോലിക്കാരെ തടഞ്ഞുവെക്കുകയായിരുന്നു.
തിങ്കളാഴ്ച ജോലിക്ക് പോയ വീട്ടുജോലിക്കാര്‍ തിരികെ വന്നില്ലെന്ന് കാണിച്ച് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം ലഭിച്ചു. ഇതിനെത്തുടര്‍ന്ന് നീലാങ്കരൈ പോലീസ് താരത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രണ്ട് സ്ത്രീകളെയും ഒരു ആണ്‍കുട്ടിയെയും വീട്ടില്‍ തടഞ്ഞുവെച്ച നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.
മോഷണം സംശയിക്കുന്നുണ്ടെങ്കില്‍ ഔദ്യോഗികമായി പോലീസില്‍ പരാതി നല്‍കുകയാണ് വേണ്ടതെന്നും, ആളുകളെ തടഞ്ഞുവെച്ച് സ്വകാര്യമായി ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് ജോലിക്കാരെയും ആണ്‍കുട്ടിയെയും അവിടെനിന്ന് സുരക്ഷിതമായി മാറ്റി. സംഭവത്തിന് പിന്നാലെ, മോഷണം ആരോപിച്ച് രവി മോഹന്റെ മാനേജര്‍ ജോലിക്കാര്‍ക്കെതിരെ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഈ സമയം നടന്‍ രവി മോഹന്‍ വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ നടനോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്തിടെയായി താരത്തിന്റെ വ്യക്തിജീവിതം വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 2024 സെപ്റ്റംബറില്‍ ഭാര്യ ആരതിയുമായുള്ള വിവാഹമോചന വാര്‍ത്ത താരം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള താരത്തിന്റെ അടുപ്പവും ചര്‍ച്ചയായി. ഇരുവരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ 2026 മേയില്‍ രവി മോഹനുമായി വേര്‍പിരിയുകയാണെന്നറിയിച്ച് കെനീഷ രംഗത്തെത്തി. ഇതിന് പിന്നാലെ നടന്ന പത്രസമ്മേളനത്തില്‍, ആദ്യഭാര്യയുമായുള്ള വിവാഹമോചനം പൂര്‍ത്തിയാകാതെ ഇനി അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് താരം വികാരാധീനനായിരുന്നു.
ഈ വിവാദങ്ങള്‍ക്കിടയിലാണ് താരം കഴിഞ്ഞ ദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ലോകേഷ് കനകരാജിന്റെ എല്‍സിയു (LCU) വിന്റെ ഭാഗമായി ബക്കിയരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന 'ബെന്‍സ്' (Benz) എന്ന ചിത്രത്തിലാണ് രവി മോഹന്‍ അടുത്തതായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. രാഘവ ലോറന്‍സാണ് ഈ ചിത്രത്തിലെ നായകന്‍.