കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) ജന്തര്‍ മന്തറില്‍ നടത്തിയ സമരത്തെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പ്രശസ്ത നടന്‍ സുദേഷ് ബെറി. സി.ജെ.പി ഒരു പിന്തിരിപ്പന്‍ സംഘടനയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ കാല്‍ കഴുകിയ വെള്ളം കുടിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അക്കമ്പനി അക്കിയുമായുള്ള സംഭാഷണത്തില്‍ നടന്‍ വെളിപ്പെടുത്തി.
എനിക്ക് ഈ എ.ജി.പിയേയോ സി.ജി.പിയേയോ ഒന്നും അറിയില്ല. ഇവരെയൊന്നും കണ്ടാല്‍ തിരിച്ചറിയുക പോലുമില്ല. ഇത്തരക്കാര്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്ന് മാത്രമാണ് എനിക്കറിയാവുന്നത്. രാജ്യത്തിനായി ഒരു സംഭാവനയും നല്‍കാത്തവരാണ് ഇവര്‍. സമൂഹത്തെ സേവിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടികള്‍ക്കായി പൂന്തോട്ടങ്ങളും വയോധികര്‍ക്കായി വൃദ്ധസദനങ്ങളും ഉണ്ടാക്കുകയാണ് വേണ്ടത്. അല്ലാതെ ജന്തര്‍ മന്തറില്‍ പോയി ഇരുന്ന് സമരം ചെയ്താല്‍ ഒന്നും നേടാനാകില്ല,' സുദേഷ് ബെറി പറഞ്ഞു.
ഏതോ ഒരു വിചിത്ര ജീവിയുടെ പേരില്‍ പാര്‍ട്ടി രൂപീകരിച്ചിവര്‍ എന്തുകൊണ്ടാണ് 'കഴുതപ്പുലി പാര്‍ട്ടി' എന്ന് പേരിടാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. സമരത്തില്‍ പങ്കെടുത്തവര്‍ മടിയന്മാരാണെന്നും ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന, വളരെ കുറച്ചു പുസ്തകങ്ങള്‍ മാത്രം വായിച്ച വിദ്യാര്‍ത്ഥികളാണ് അവിടെയുള്ളതെന്നും നടന്‍ ആരോപിച്ചു. ജന്തര്‍ മന്തറിലെ സമരത്തിന് പിന്നില്‍ വിദേശ ഫണ്ടിംഗ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്കെതിരെ ശാപവാക്കുകള്‍ ഉച്ചരിക്കുന്നവരെ അപലപിച്ച നടന്‍, മോദി ലോകം മുഴുവന്‍ സഞ്ചരിച്ച് ചായ വില്‍ക്കുകയാണെന്ന് പറഞ്ഞു.
'ബഹുമാനസൂചകമായി ഞാന്‍ മുന്‍പ് എന്റെ അമ്മയുടെ കാല്‍ കഴുകിയ വെള്ളം കുടിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് മോദിജിയുടെ കാല്‍ കഴുകി ആ വെള്ളം കുടിക്കണം. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ആരെങ്കിലും അവസരം ഒരുക്കിത്തരണം. ദൈവത്തെ നമ്മള്‍ കണ്ടിട്ടില്ലെങ്കിലും ആരാധിക്കുന്നത് പോലെയാണ് ഞാന്‍ മോദിജിയെ ബഹുമാനിക്കുന്നത്,' സുദേഷ് ബെറി വ്യക്തമാക്കി.