Latest News

ആദ്യ ഭാര്യ അറിയാതെ രണ്ടാം വിവാഹം; ആ ഭാര്യയുടെ അംഗീകാരത്തോടെ സഹ ഗായികയുമായി പ്രണയം; ഇപ്പോള്‍ ചികിത്സയുടെ മറവില്‍ അനുവാദമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്ന് ആദ്യ ഭാര്യ; ബോളിവുഡിന്റെ ഭാവഗായകന്‍ ഉദിത് നാരായണന്‍ അറസ്റ്റിലാവുമോ?

എം റിജു
ആദ്യ ഭാര്യ അറിയാതെ രണ്ടാം വിവാഹം; ആ ഭാര്യയുടെ അംഗീകാരത്തോടെ സഹ ഗായികയുമായി പ്രണയം; ഇപ്പോള്‍ ചികിത്സയുടെ മറവില്‍ അനുവാദമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്ന് ആദ്യ ഭാര്യ; ബോളിവുഡിന്റെ ഭാവഗായകന്‍ ഉദിത് നാരായണന്‍ അറസ്റ്റിലാവുമോ?

70 വയസ് പിന്നിട്ടിട്ടും ഇന്നും പാട്ടും സ്റ്റേജ് ഷോയുമായി സജീവമാണ് ഉദിത് നാരായണന്‍ എന്ന ബോളിവുഡിന്റെ ഭാവഗായകന്‍. ഇടക്കിടെ വിവാദത്തില്‍പെടുക എന്നത് ഇദ്ദേഹത്തിന്റെ പതിവ് രീതിയാണ്. കഴിഞ്ഞ വര്‍ഷം ലൈവ് ഷോയ്ക്കിടെ, സെല്‍ഫിയെടുക്കാനെത്തിയ സ്ത്രീകളെ തിരിച്ചു ചുംബിക്കുകയും, ഒരുവേള പരസ്യമായി ചെറിയ ലിപ്പ്‌ലോക്ക് തന്നെ നടത്തുകയും ചെയ്ത ഗായകന്റെ വീഡിയോകള്‍ വന്‍ വിവാദമായിരുന്നു.

ഉദിതിന്റെ പ്രണയ ബന്ധങ്ങള്‍ അതിനുമുമ്പേ വിവാദമായതാണ്. പക്ഷേ ഇപ്പോഴിതാ മറ്റൊരു ഗുരുതര ആരോപണമാണ് ഉദിതിനെ തേടിയെത്തിയിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ രഞ്ജനയില്‍നിന്നാണ്. ചികിത്സയുടെ മറവില്‍ തന്റെ അനുവാദമില്ലാതെ ഉദിത് നാരയാണന്റെ നിദ്ദേശപ്രകാരം ഗര്‍ഭപാത്രം നീക്കം ചെയ്‌തെന്ന് ആരോപിച്ച് രഞ്ജന ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കയാണ്.

രഹസ്യവിവാഹവും പ്രണയവും
1984 ഡിസംബര്‍ 7-നാണ് രഞ്ജനയും ഉദിത് നാരായണനും വിവാഹിതരായത്. 1985-ല്‍ ഉദിത്, ഗായകന്‍ എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞ് മുംബൈയിലേക്ക് താമസം മാറി. ഇതിനിടെയാണ് ദീപ നാരായണനെ വിവാഹം കഴിച്ചത്. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം താന്‍ അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. 96 -ല്‍ ചികിത്സിക്കാന്‍ എന്ന് പറഞ്ഞ ഉദിത്തും സഹോദരന്മാരും ഡല്‍ഹിയിലെ ഒരു പ്രധാന ആശുപത്രിയില്‍ കൊണ്ടുപോയെന്നും രഞ്ജന ആരോപിച്ചു. അവിടെ വെച്ചാണ് തന്റെ സമ്മതമോ അറിയാതെയോ ഗര്‍ഭപാത്രം നീക്കം ചെയ്തതെന്ന് രഞ്ജന ആരോപിക്കുന്നു.

പിന്നീട് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭപാത്രം നീക്കം ചെയ്തതായി മനസിലാക്കിയത്. പിന്നീട് തന്നെ നിഷ്‌കരുണം ജീവിതത്തില്‍ നിന്നും പുറത്താക്കിയെന്നും വഞ്ചിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതേ വിഷയത്തില്‍ കുടുംബ കോടതിയെയും വനിതാ കമ്മീഷനെയും രഞ്ജന പരാതി നല്‍കിയിരുന്നു.

അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഉദിത് നാരായണ്‍, സഹോദരന്മാരായ സഞ്ജയ് കുമാര്‍ ഝാ, ലളിത് നാരായണ്‍ ഝാ, രണ്ടാം ഭാര്യ ദീപ നാരായണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

ജന്‍മം കൊണ്ടുനോക്കുമ്പോള്‍, പാതി ഇന്ത്യക്കാരനും പാതി നേപ്പാളിയുമാണ് ഉദിത്. 1955 ഡിസംബര്‍ 1ന് ഒരു നേപ്പാളി പിതാവിന്റെയും ബീഹാരി അമ്മയുടെയും മകനായി ഒരു മൈഥിലി ബ്രാഹ്‌മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിന്നെ മുംബൈയിലെത്തിയ അദ്ദേഹം ഒരു ഗായകന്‍ എന്ന നിലയില്‍ കത്തിക്കയറി. തുടര്‍ന്നാണ് അദ്ദേഹം നിലവിലെ ഭാര്യ ദീപികയുമായി പ്രണയത്തിലാവുന്നത്. ആസ്വരമാധുരിയില്‍ മയങ്ങി പ്രണയം തുറന്നു പറഞ്ഞ ദീപികയെ 1985- ലാണ് ഉദിത് വരണമാല്യം ചാര്‍ത്തുന്നത്. അദ്ദേഹം വിവാഹതിനാണെന്ന് ദീപികയ്ക്ക് അറിയില്ലായിരുന്നു.

ഭാര്യയുടെ അംഗീകാരത്തോടെ പ്രണയം

2006 ലാണ് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് രഞ്ജാന ആ സത്യം വെളിപ്പെടുത്തുന്നത്. പാറ്റ്‌നയില്‍ ഒരു പരിപാടിക്ക് വേണ്ടി വന്ന ഉദിത്തിന്റെ ഹോട്ടല്‍ മുറിയിലേയ്ക്ക് സുരക്ഷാ വലയം ഭേദിച്ച് കൊണ്ട് അവര്‍ കയറി ചെല്ലുകയും, താന്‍ നേരിട്ട നീതി നിഷേധത്തെ കുറിച്ച് ശബ്ദമുയര്‍ത്തുകയും ചെയ്തു. താനുമായുള്ള ബന്ധം നിലനില്‍ക്കെ തന്നെയാണ് ഉദിത് രണ്ടാം വിവാഹം ചെയ്തതെന്നും, തനിക്ക് അവകാശപ്പെട്ട ജീവനാംശം ഗായകന്‍ നല്‍കണം എന്നുമവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കീ സ്ത്രീയെ അറിയുക പോലുമില്ല എന്നാണു ഉദിത് പ്രതികരിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സ്ത്രീയുടെ കടന്നു വരവെന്ന് പോലും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ വനിതാ കമ്മീഷനും കോടതിയും ഇടപെട്ടതോടെയാണ് വാസ്തവം പുറംലോകമറിഞ്ഞത്. ഗായകന് വനിതാ കമ്മീഷന്‍ അയച്ച സമന്‍സ് കൈപ്പറ്റാന്‍ അദ്ദേഹം വിസമ്മതിച്ചതോടെ രാജ്യം വിട്ടു പുറത്തു പോകാന്‍ വിലക്കി കോടതി ഉത്തരവുവന്നു.

ഒടുവില്‍ ഗത്യന്തരമില്ലാതെ താന്‍ തെറ്റുകാരനാണ് എന്നും, രഞ്ജാന തന്റെ ആദ്യഭാര്യ തന്നെയാണ് എന്നും ഉദിത് സമ്മതിച്ചു. 150 കോടിയോളം ആസ്തിയുള്ള ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഗായകരില്‍ ഒരാളായ അദ്ദേഹം മുമ്പ്് നടത്തിയ പ്രസ്താവനകള്‍ എല്ലാം തിരുത്തിക്കൊണ്ട് ആദ്യഭാര്യയ്ക്ക് ജീവനാംശം നല്‍കാം എന്ന് തുറന്നു സമ്മതിച്ചു.

ഇന്നും വെറുമൊരു സദാചാര സമൂഹമായി നിലനില്‍ക്കുന്ന ഇന്ത്യന്‍ പൊതുസമൂഹത്തെ ഞെട്ടിക്കുന്ന രീതിയിലുള്ള ചില ബന്ധങ്ങളും പിന്നീട് ഉദിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പ്രശസ്ത ഗായിക അല്‍ക്ക യാഗ്‌നിക്കുമായുള്ള ഉദിത്തിന്റെ പ്രണയം വാര്‍ത്തയായി. പക്ഷേ അന്ന് മാധ്യമങ്ങളെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ ഭാര്യയും മകനും എടുത്ത സമീപനമായിരുന്നു. ഈ ഇഷ്ടത്തെ കുറിച്ച്് മകന്‍ ആദിത്യ നാരായണും, ഭാര്യ ദീപികയും മാധ്യമങ്ങളില്‍ തുറന്നു സംസാരിച്ചു. ഉദിത്തിന്റെ പ്രണയത്തെ അംഗീകരിക്കുന്നു എന്ന ഇരുവരുടെയും തുറന്നു പറച്ചില്‍.

ദീര്‍ഘകാലം, ഉദീത്, അല്‍ക യാഗ്‌നിക്കുമായി ഒരു പാട് യുഗ്മഗാനങ്ങള്‍ പാടി.രണ്ടു പ്രതിഭകള്‍ തമ്മിലുള്ള ഒരു 'ഈസ്‌തെറ്റിക്ക് ലൗ' എന്നാണ് ഒരു അഭിമുഖത്തില്‍ ഉദിത് ഇതിനെ വിശേഷിപ്പിച്ചത്. പക്ഷേ ഇതുവരെയുള്ള പ്രണയവും വിവാദവുംപോലെയല്ല ഗര്‍ഭപാത്രം എടുത്തുകളയല്‍ കേസ്. പൊലീസ് ഉദിതിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കയാണ്. ജ്യാമ്യം കിട്ടാത്ത വകുപ്പുകള്‍ അനുസരിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഗായകന്‍ ജയിലാവും എന്നാണ് മുംബൈ സിനിമ മാധ്യമങ്ങള്‍ എഴുതുന്നത്.

Udit Narayan perosonal life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES