Latest News

ജീവിതത്തിലെ നിലപാടുകള്‍ കൊണ്ട് അംബാനിയാണ് ശ്രീനിയേട്ടനെന്ന് കുറിച്ച് സുബീഷ് സുധി; തിരിച്ച് കിട്ടാത്ത മറ്റൊരു നഷ്ടം കൂടിയെന്ന് വീണാ നായര്‍;മനസിന് താങ്ങാനാവാത്ത ഭാരം, നഷ്ടമായത് എന്റെ ബാല്യത്തി?ന്റെ ഒരു ഭാഗമെന്ന് കുറിച്ച് രേവതി; ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദന മാറാതെ താരങ്ങള്‍

Malayalilife
ജീവിതത്തിലെ നിലപാടുകള്‍ കൊണ്ട് അംബാനിയാണ് ശ്രീനിയേട്ടനെന്ന് കുറിച്ച് സുബീഷ് സുധി; തിരിച്ച് കിട്ടാത്ത മറ്റൊരു നഷ്ടം കൂടിയെന്ന് വീണാ നായര്‍;മനസിന് താങ്ങാനാവാത്ത ഭാരം, നഷ്ടമായത് എന്റെ ബാല്യത്തി?ന്റെ ഒരു ഭാഗമെന്ന് കുറിച്ച് രേവതി; ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദന മാറാതെ താരങ്ങള്‍

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസനൊപ്പമുളള ഓര്‍മകള്‍ പങ്ക് വച്ച് നിരവധി താരങ്ങള്‍ ആണ് എത്തിയത്. നടന്‍ സുബീഷ് സുധി, വീണാ നായര്‍, രേവതി തുടങ്ങിയ താരങ്ങളുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്.നിലപാടുകൊണ്ട് അംബാനിയാണ് ശ്രീനിവാസന്‍ എന്നാണ് സുബീഷ് പറയുന്നത്. അറബിക്കഥ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകളും സുബീഷ് സുധി പങ്കുവെക്കുന്നുണ്ട്. 

സുബീഷ് സുധിയുടെ കുറിപ്പ്: 

പയ്യന്നൂരും മലയാള സിനിമയും തമ്മില്‍ വലിയ ദൂരമുണ്ട്. ആ ദൂരം കുറച്ചത് ശ്രീനിയേട്ടന്‍ ആയിരുന്നു. 2003-2006 എന്റെ പയ്യന്നൂര്‍ കോളേജ് പഠന കാലഘട്ടത്തിലാണ് കോളേജില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്ന ശ്രീനിയേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത്.അന്ന് ഞാന്‍ കരുതിയിരുന്നില്ല ഞാനും സീനിയേട്ടനും തമ്മില്‍ ഇത്രയും വലിയ ആത്മബന്ധം ഉണ്ടാകുമെന്ന്.ശ്രീനിയേട്ടന്റെ കൂടെ നാലഞ്ചു സിനിമകളില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. അദ്ദേഹം നിര്‍മ്മിച്ച രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ പറ്റുമെന്നും.

പിന്നീട് ഞാന്‍ ശ്രീനിയേട്ടന്റെ 9447061--- എന്ന നമ്പര്‍ ഫോളോ ചെയ്തു.അങ്ങനെ ഞാന്‍ അറബിക്കഥയില്‍ അഭിനയിക്കുമ്പോഴാണ് ശ്രീനിയേട്ടനെ വീണ്ടും കാണുന്നത്. അറബിക്കഥയിലെ ഒരുപാട് മുദ്രാവാക്യങ്ങള്‍ ഞാന്‍ ഏറ്റു വിളിച്ചപ്പോള്‍ അത് കണ്ട് ശ്രീനിയേട്ടന്‍ എന്നെ ശ്രദ്ധിച്ചിരുന്നു.തുടര്‍ന്ന് കഥ പറയുമ്പോള്‍ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുകയും ചെയ്തു. ശ്രീനിയേട്ടന്റെ തനത് ശൈലിയില്‍ സാര്‍, ഞാനൊരു പടം പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. മമ്മൂട്ടിയാണ് നായകന്‍ സാര്‍ ബാസിയല്ലെങ്കില്‍, സമയമുണ്ടെങ്കില്‍ അഭിനയിക്കണം എന്ന് പറഞ്ഞു. ശ്രീനിയേട്ടന്റെ വിളികേട്ട ഞാന്‍ അന്ന് തന്നെ ബാഗുമായി തൊടുപുഴയിലേക്ക് പുറപ്പെട്ടു.പക്ഷേ എനിക്ക് രണ്ട് ദിവസം കഴിഞ്ഞേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. അന്ന് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ശ്രീനിയേട്ടന്‍ എന്നോട് ചോദിച്ചു. താങ്കള്‍ക്ക് ഇവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന്! ഞാന്‍ പറഞ്ഞു എനിക്ക് ഇവിടെ ഒരു പ്രശ്‌നവുമില്ല. സുഖമാണെന്ന്. അങ്ങനെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എനിക്കൊരു പ്രശ്‌നവുമില്ല എന്ന് ശ്രീനിയേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

എല്ലാ കാര്യങ്ങളെയും നര്‍മ്മത്തോട് കൂടി മാത്രമേ അദ്ദേഹം എന്നും സ്വീകരിച്ചിട്ടുള്ളൂ. അതുപോലെതന്നെ കഥ പറയുമ്പോള്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ച് ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുമ്പോള്‍ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടണമെന്നുണ്ടായിരുന്നു. അപ്പോള്‍ മമ്മൂക്ക കുറച്ച് ദൂരം മാറിയിരുന്ന സമയത്ത് ശ്രീനിയേട്ടന്‍ എന്നോട് പറഞ്ഞു ഞാന്‍ മമ്മൂട്ടിയോട് നിന്റെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. നീ ധൈര്യത്തോടെ പോയി അദ്ദേഹത്തോട് സംസാരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.  ഇത് കേട്ട ഞാന്‍ മമ്മൂക്കയുടെ അടുത്തേക്ക് പോയി. ആ സമയത്ത് അദ്ദേഹം പത്രം വായിക്കുന്ന തിരക്കിലായിരുന്നു. ഞാന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതുപോലെ അദ്ദേഹത്തിന് തോന്നിക്കാണണം. ഈ സമയത്ത് ശ്രീനിയേട്ടന് അപ്പുറത്ത് മാറി നിന്ന് ചിരിക്കുന്നത് ഞാന്‍ കണ്ടു.അങ്ങനെ എത്രയെത്ര ചിരി മുഹൂര്‍ത്തങ്ങളാണ് അദ്ദേഹവുമൊത്തുണ്ടായിരുന്നത്. ജീവിതത്തിലെ നിലപാടുകള്‍ കൊണ്ട് അംബാനിയാണ് ശ്രീനിയേട്ടന്‍.

എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് ഞാന്‍ ശ്രീനിയേട്ടന്‍ അവസാനമായി അഭിനയിച്ച എം  മോഹനേട്ടന്റെ അരവിന്ദന്റെ  അതിഥികള്‍ എന്ന സിനിമയില്‍,കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ഷൂട്ടിംഗ്. അങ്ങനെ എല്ലാ ദിവസവും ഞങ്ങള്‍ കുറച്ച് പേര്‍ അമ്പലത്തില്‍ പോകും. അമ്പലത്തിന്റെ നടയില്‍ വച്ച് ഷൂട്ട് ചെയ്യുന്ന സമയം ഞാന്‍ ശ്രീനിയേട്ടനോട് ചോദിച്ചു. അമ്പലത്തില്‍ കയറുന്നില്ലേ എന്ന്.ഞാന്‍ അമ്പലത്തില്‍ കയറുന്നില്ല ആ നിലപാടില്‍ ഒരു മാറ്റവുമില്ല എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നിലപാടുകളും മനുഷ്യത്വവും മുറുകെ പിടിക്കുന്ന ശ്രീനിയേട്ടന്‍.ഞാന്‍ ഇവിടെ പങ്കുവെക്കുന്ന ഫോട്ടോയ്ക്ക് ചെറിയൊരു അടിക്കുറിപ്പ് കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഇവിടെ നിര്‍ത്തുന്നു. അറബിക്കഥയാണ് സിനിമയിലെ ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍,ഞാന്‍ ശ്രീനിയേട്ടനോട് ചോദിച്ചു ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന്. മുഷ്ടി ചുരുട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കണമെന്നാണ് ലാല്‍ ജോസ് സാര്‍ എന്നോട് പറഞ്ഞത്. തുടക്കക്കാരന്‍ എന്ന നിലയിലുള്ള കണ്‍ഫ്യൂഷന്‍ കൊണ്ട് ഞാന്‍ അത് ശ്രീനിയേട്ടനോട് ചോദിച്ചു. കാലു മാത്രം പൊക്കാതിരുന്നാല്‍ മതി എന്ന സീനിയേട്ടന്റെ നര്‍മ്മസഭാഷണത്തില്‍ ഞാന്‍ എന്റെ ശ്രീനിയേട്ടനെ പരിഭാഷപ്പെടുത്തുന്നു. ഇനി ശ്രീനിയേട്ടന്‍ ഇവിടെയില്ല എന്ന ദുഃഖം തലയ്ക്ക്മുകളില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ രചനകളും കഥാപാത്രങ്ങളും മലയാളികളുള്ളിടത്തോളംകാലം ഇവിടെ ചിരിച്ചും ചിന്തിപ്പിച്ചും കൊണ്ടേരിക്കും.
        

തിരിച്ചു കിട്ടാത്ത മറ്റൊരു നഷ്ടം കൂടെയെന്ന് കുറിച്ച് വീണ നായര്‍

മലയാളസിനിമയ്ക്ക് നഷ്ടപ്പെട്ട ഒരു കൂട്ടം കലാകാരന്മാരുടെ ചിത്രങ്ങളും പങ്കിട്ടാണ് വീണയുടെ കുറിപ്പ്. മലയാള സിനിമാപ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും പിന്നീടെപ്പോഴോ തങ്ങളുടെ ഗദ്ഗദങ്ങളിലൂടെ നൊമ്പരപ്പെടുത്തുകയും ഇടയ്ക്ക് വില്ലന്‍ വേഷങ്ങളടക്കം ചെയ്ത് അത്ഭുതപ്പെടുത്തുകയും ചെയ്ത സ്വഭാവ നടീനടന്മാരുടെ ചിത്രങ്ങളുടെ കൊളാഷിനൊപ്പമാണ് വീണയുടെ പോസ്റ്റ്.

'അരങ്ങൊഴിഞ്ഞ പ്രിയപ്പെട്ടവര്‍...മാറ്റിവെക്കാന്‍ പറ്റാത്ത നഷ്ടങ്ങള്‍... സിനിമയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചവര്‍... വേര്‍പാടുകള്‍ പലതും സിനിമക്ക് മാത്രമല്ല നമ്മളുടെ മനസിലും വേദന ആണ്, നഷ്ടമാണ്... തിരിച്ചു കിട്ടാത്ത മറ്റൊരു നഷ്ടം കൂടെ ...'' എന്നാണ് വീണ കുറിച്ചത്. താരം പങ്കുവച്ച കൊളാഷില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലുള്ളത് നെടുമുടി വേണു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്നസെന്റ്, തിലകന്‍, ഫിലോമിന, കെ.പി.എ.സി ലളിത, കല്പന, സുകുമാരി, കലാഭവണ്‍ മണി, കൊച്ചിന്‍ ഹനീഫ, മാമുക്കോയ എന്നിവരാണ്. കൂട്ടത്തില്‍ ഏറ്റവുമവസാനമായി ശ്രീനിവാസന്റെ ചിത്രവുമുണ്ട്. 

 ശ്രീനിവാസന്റെ മകളായി ഒന്നിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് രേവതി ശിവകുമാര്‍. ഇപ്പോഴിതാ തനിക്ക് നഷ്ടമായത് സിനിമ ലോകത്തേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന ഗോഡ് ഫാദറാണെന്നും ശ്രീനിവാസന്റെ വിയോഗം മനസിന് താങ്ങാനാകാത്ത ഭാരം തോന്നിപ്പിക്കുന്നു എന്നും കുറിക്കുകയാണ് രേവതി. 

ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് നടി രേവതി ശിവകുമാറിന്റെ വാക്കുകള്‍. മകന്റെ അച്ഛന്‍, കഥപറയുമ്പോള്‍ തുടങ്ങിയ സിനിമകളില്‍ ശ്രീനിവാസന്റെ മകളായി അഭിനയിച്ച ഓര്‍മകളാണ് രേവതി സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. സിനിമ ലോകത്തേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന ഗോഡ് ഫാദറാണ് ശ്രീനിവാസനെന്നും അദ്ദേഹത്തിന്റെ വിയോഗം മനസിന് താങ്ങാനാകാത്ത ഭാരം തോന്നിപ്പിക്കുന്നുവെന്നും രേവതി കുറിച്ചു. 

''ശ്രീനി അങ്കിള്‍,
അങ്ങ് ഇനി ഇല്ല..എന്റെ മനസിന് താങ്ങാനാവാത്ത ഭാരം തോന്നുന്നു....
എന്നെ സിനിമയുടെ ലോകത്തേക്ക് കൈ പിടിച്ച് കൊണ്ടുപോയ എന്റെ ഗോഡ് ഫാദര്‍, എന്റെ ഗാര്‍ഡിയന്‍, എന്റെ വഴികാട്ടി. സിനിമയിലേക്കുള്ള എന്റെ ആദ്യ ചുവടുവെപ്പ് 'കഥപറയുമ്പോള്‍' എന്ന സിനിമയില്‍ അങ്ങയുടെ മകളായിട്ടായിരുന്നു. അതിനുശേഷം വീണ്ടും 'മകന്റെ അച്ഛനി'ലും മകളായി. അത് വെറും വേഷങ്ങള്‍ ആയിരുന്നില്ല ശ്രീനി അങ്കിള്‍..ഴ ജീവിതവും സിനിമയും ഒരുമിച്ച് ലയിച്ച നിമിഷങ്ങളായിരുന്നു അവ. 

ഞാന്‍ ഒരു കുട്ടി മാത്രമായിരുന്നു. എങ്കിലും എന്നെ ഒരിക്കലും ഒരു 'ചൈല്‍ഡ് ആര്‍ട്ടിസ്റ്റ്' ആയി കണ്ടില്ല. എന്നെ നിങ്ങളുടെ കുടുംബത്തിലെ ഒരാളായി തന്നെയാണ് കണ്ടത്. അത് തന്നെയായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഞാന്‍ എന്നെ വിശ്വസിക്കുന്നതിന് മുന്‍പ് നിങ്ങളെന്നെ വിശ്വസിച്ചു. ആ വിശ്വാസമാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്. നിങ്ങള്‍ എന്നെ സംരക്ഷിച്ചു, എന്നെ നയിച്ചു, പുതിയതും അതിശക്തവുമായ ഒരു ലോകത്തില്‍ എന്നെ സുരക്ഷിതയാക്കി. ഒരുപാട് പാഠങ്ങള്‍...വാക്കുകള്‍ക്കതീതമായ ഒരുപാട് സ്‌നേഹം. ഒപ്പം ഓര്‍മ്മകളും. ഇനി ഒരിക്കലും മായാത്ത ഓര്‍മ്മകള്‍, എന്റെ ഉള്ളില്‍ എന്നും ജീവിക്കുന്ന ഓര്‍മ്മകള്‍.

എന്റെ വിവാഹ ദിവസം അങ്ങ് വന്നിരുന്നു. ആ അനുഗ്രഹം എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ അര്‍ത്ഥമാക്കി, സിനിമയിലെ എന്റെ ആദ്യ ഫ്രെയിം മുതല്‍ ജീവിതത്തിന്റെ പുതിയ തുടക്കം വരെ, ശ്രീനി അങ്കിളിന്റെ കയ്യൊപ്പ് എല്ലായിടത്തും ഉണ്ടായിരുന്നു. മലയാള സിനിമയ്ക്ക് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടെന്നാണ് ലോകം പറയുന്നത്. എന്നാല്‍ എനിക്ക് ഇന്ന് നഷ്ടമായത്, എന്റെ ബാല്യത്തിലെ ഒരു ഭാഗമാണ്, എന്റെ ഗുരുവാണ്, എന്നെ ഞാന്‍ ആക്കാന്‍ സഹായിച്ച ഒരാളാണ്. എന്നെ കൈ പിടിച്ച് നയിച്ചതിന്, എന്നില്‍ വിശ്വസിച്ചതിന്, എനിക്ക് ഒരു തുടക്കം തന്നതിന് നന്ദി ശ്രീനി അങ്കിള്‍..നിങ്ങളുടെ സിനിമകള്‍ എന്നും ജീവിക്കും. നിങ്ങളുടെ വാക്കുകള്‍ നിലനില്‍ക്കും. പിന്നെ നിങ്ങള്‍..എന്റെ ഓര്‍മ്മകളില്‍, എന്റെ പ്രാര്‍ത്ഥനകളില്‍, എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും....'' എന്നാണ് രേവതി ശിവകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ത്രോബാക്ക് ചിത്രങ്ങളും പങ്കിട്ടാണ് രേവതി ശ്രീനിവാസനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കിട്ടിരിക്കുന്നത്.
 

Veena nair and ravathy and subeesh sudhi note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES