Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കര്‍ അന്തരിച്ചു; മലയാളികളുടെ പ്രിയ കലാകാരന്റെ അന്ത്യം തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ

Malayalilife
topbanner
വാഹനാപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കര്‍ അന്തരിച്ചു; മലയാളികളുടെ പ്രിയ കലാകാരന്റെ അന്ത്യം തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ


തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന വയലനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതം മൂലം പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം. തിരുവനന്തപുരം അനന്തപുരി ആശുപത്രി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പള്ളിപ്പുറത്തിന് അടുത്തുണ്ടായ അപകടമാണ് ബാലഭാസ്‌കറിന്റെ ജീവനെടുത്തത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ട് വയസ്സുള്ള മകള്‍ തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്കും പരിക്കേറ്റു. ലക്ഷ്മിയും അനന്തപുരി ആശുപത്രിയില്‍ ചികില്‍സിയാലണ്.

കഴിഞ്ഞ 25 നാണ് ബാലഭാസ്‌കര്‍ കുടുംബസമേതം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. കാര്‍ മരത്തിലിടിച്ച് ഏകമകള്‍ ഒന്നര വയസ്സുകാരി തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കര്‍ക്കും, ഭാര്യ ലക്ഷ്മിക്കും, വാഹനം ഓടിച്ച ഡ്രൈവര്‍ അര്‍ജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു മരണ കാരണം.

മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23 നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തില്‍ ഏറ്റവും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായ്ത ബാലഭാസ്‌കറിനും മകള്‍ക്കുമായിരുന്നു. ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് തേജസ്വിനിയെ കിട്ടുന്നത്. തിട്ടമംഗലം പുലരി നഗര്‍ 'ടിആര്‍എ 306 ശിവദത്തിലെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന, മാലാഖക്കുട്ടി.

സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. കോളേജ് പ്രണയത്തിന് ശേഷമുള്ള ബാലഭാസ്‌കറിന്റെ വിവാഹം കൂട്ടുകാര്‍ക്കെല്ലാം ആഘോഷമായിരുന്നു. ഇരു കുടുംബവും ആദ്യ ഘട്ടത്തില്‍ മടിച്ചു നിന്നു. പിന്നെ പതിയെ അടുത്തു. മക്കളില്ലാത്ത ദുഃഖമായിരുന്നു പിന്നീട്. പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടപ്പോള്‍ കുഞ്ഞു മാലാഖയെത്തി. അതുകൊണ്ട് തന്നെ തേജസ്വിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം. കഴിഞ്ഞ ദിവസവും തൃശൂര്‍ വടക്കുംനാഥനു മുന്നില്‍ മനമുരുകി പ്രാര്‍ത്ഥിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. യാത്രകളില്‍ അച്ഛന്റെ മടിയിലിരിക്കാന്‍ വാശി പിടിക്കും തേജസ്വി. ഇന്നോവയുടെ പിന്‍സീറ്റിലിരുന്ന അമ്മയുടെ കൈയില്‍ നിന്ന് പതിവുപോലെ മുന്‍ സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന്റെ മടിയിലേക്ക് വാശി പിടിച്ചെത്തി. അച്ഛന്റെ മാറില്‍ തല ചായ്ച്ച് മയങ്ങി. അപകടത്തില്‍ ദുരന്തവുമെത്തി.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആല്‍ബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട് ബാലഭാസ്‌ക്കര്‍. ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ത്തന്നെ പ്രശസ്തനായ ബാലഭാസ്‌കര്‍, ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പഠിക്കുമ്പൊള്‍ തന്നെ സംഗീത രംഗത്ത് ബാലഭാസ്‌കര്‍ പ്രതിഭ തെളിയിച്ചു.അമ്മയുടെ സഹോദരന്‍ ബി ശശികുമാറായിരുന്നു ബാലഭാസ്‌കറിന്റെ ഗുരുനാഥന്‍. തന്ത്രി വാദ്യത്തിലും വൃന്ദവാദ്യത്തിലും നിരവധി സമ്മാനങ്ങള്‍ ബാലഭാസ്‌കര്‍ സ്‌കൂള്‍ കാലത്ത് തന്നെ വാരിക്കൂട്ടി. പത്താം ക്ലാസില്‍ 525 മാര്‍ക്കോട് വിജയം. തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പ്രീഡിഗ്രി. ഈ കാലത്താണ് മംഗല്യപല്ലക്ക് എന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്.തുടര്‍ന്ന് ചില ചിത്രങ്ങള്‍ക്ക് കൂടി സംഗീതം നല്‍കി,

ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോ ആയ കിലുക്കത്തിന് സംഗീതം നല്‍കിയതോടെ ബാലു സിനിമയ്ക്കു പുറത്തുള്ള സംഗീതത്തില്‍ സ്വന്തം പാത തെളിച്ചു. പിന്നീട് നിനക്കായ് ,ആദ്യമായ് ,ഓര്‍മ്മയ്ക്കായ് എന്നിങ്ങനെ പ്രണയ ആല്‍ബങ്ങള്‍ നിരവധി. യൂണിവേഴ്സിറ്റ് കോളജില്‍ ബിഎ,എംഎ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ രൂപീകരിച്ച കണ്‍ഫ്യൂഷന്‍ ബാന്റിലൂടെയാണ് നീ അറിയാന്‍ എന്ന സ്വതന്ത്ര മ്യൂസിക് ആല്‍ബം ചിട്ടിപ്പെടുത്തി. സൂര്യ ടിവിയിലൂടെ മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വതന്ത്ര ഗാനങ്ങള്‍ക്ക് ഈണം നല്‍കി. എ ആര്‍ റഹ്മാനെ പോലുള്ള ലോകോത്തര സംഗീത സംവിധായകരേയും വയലിനിലൂടെ അമ്പരപ്പിച്ച പ്രതിഭയാണ് ബാലഭാസ്‌കര്‍.

Read more topics: # Violinist Balabhaskar died
Violinist Balabhaskar death in Ananthapuri Hospital

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES