തമിഴ് ചലച്ചിത്ര നടന്‍ അഭിനയ് കിങ്ങര്‍ 44-ാം വയസ്സില്‍ അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്നുള്ള ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള വാടക വീട്ടില്‍ പുലര്‍ച്ചെ നാലോടെയായിരുന്നു അന്ത്യം. 2002-ല്‍ ധനുഷ് നായകനായ 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. മലയാളത്തിലും തമിഴിലുമായി 15-ല്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത 'കൈയെത്തും ദൂരത്ത്' എന്ന മലയാള ചിത്രത്തിലും അഭിനയ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
'ജംഗ്ഷന്‍' (2002), 'സിങ്കാര ചെന്നൈ' (2004), 'പൊന്‍ മേഘലൈ' (2005), 'സൊല്ല സൊല്ല ഇനിക്കും' (2009), 'പാലൈവന സൊലൈ' (2009), 'തുപ്പാക്കി' (2012), 'അഞ്ചാന്‍' (2014) തുടങ്ങിയ ചിത്രങ്ങളിലും അഭിനയ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മുതിര്‍ന്ന മലയാള ചലച്ചിത്ര നടിയായ ടി.പി. രാധാമണിയുടെ മകനായിരുന്നു അഭിനയ്.ദേശീയ പുരസ്‌കാരം നേടിയ 'ഉത്തരായണം' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാധാമണി 2019-ല്‍ കാന്‍സര്‍ രോഗത്തെത്തുടര്‍ന്നാണ് അന്തരിച്ചത്. അമ്മയുടെ വിയോഗശേഷം അഭിനയ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതായും, അദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടന് അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല.
രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അഭിനയ് സിനിമയില്‍ സജീവമായിരുന്നില്ല. 'തുപ്പാക്കി', 'അഞ്ജാന്‍' എന്നീ ചിത്രങ്ങളില്‍ നടന്‍ വിദ്യുത് ജംവാലിന് ശബ്ദം നല്‍കിയത് അഭിനയ് ആയിരുന്നു. ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ സാമ്പത്തികമായി തകര്‍ന്ന നടന് സിനിമാ മേഖലയില്‍ നിന്ന് പലരും സഹായം നല്‍കിയിരുന്നതായും അറിയുന്നു.
കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നിട്ടും, അവസാന നാളുകളില്‍ അദ്ദേഹം കടുത്ത സാമ്പത്തിക ക്ളേശത്തിലായിരുന്നു എന്ന വിവരങ്ങള്‍ സിനിമാ ലോകത്തെ വേദനിപ്പിക്കുന്നു. പ്രശസ്തരായ അമ്മയുടെ മകനായിട്ടും, സിനിമയില്‍ സ്വന്തമായ ഒരിടം നേടിയശേഷവും അഭിനയ് അനുഭവിച്ച ഒറ്റപ്പെടലും സാമ്പത്തിക പരാധീതകളും ശ്രദ്ധേയമാണ്.