സ്വകാര്യത സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും പേരും ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍ക്കും വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
പ്രതികള്‍ നിര്‍മ്മിതബുദ്ധി (എഐ) ഉപയോഗിച്ച് തന്റെ വിഡിയോകള്‍ നിര്‍മിക്കുകയും വ്യാജ ഫോട്ടോകള്‍ സൃഷ്ടിക്കുകയും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അഭിഷേകിന്റെ അഭിഭാഷകന്‍ പ്രവീണ്‍ ആനന്ദ് കോടതിയില്‍ അറിയിച്ചു. ഇത് തന്റെ വ്യക്തിത്വത്തെയും മാനക്കേടിനെയും ബാധിക്കുന്നതിനാല്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ജസ്റ്റിസ് തേജസ് കരിയയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അഭിഷേകിന്റെ അഭിഭാഷകനോട് നിര്‍ദ്ദേശം നല്‍കി. കേസ് ഉച്ചയ്ക്ക് 2.30ന് വീണ്ടും പരിഗണിക്കും.
അഭിഭാഷകരായ അമീത് നായിക്, മധു ഗഡോഡിയ, ധ്രുവ് ആനന്ദ് എന്നിവര്‍ അഭിഷേക് ബച്ചനെ പ്രതിനിധീകരിക്കുന്നു. ഐശ്വര്യ റായ് സമാനമായ ഹര്‍ജിയുമായി അടുത്തിടെ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അഭിഷേകിന്റെ നടപടി. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ അച്ചടിച്ച് വില്‍ക്കുന്ന 'ബോളിവുഡ് ടീ ഷോപ്പ്' എന്ന വെബ്‌സൈറ്റിനെയും ഹര്‍ജിയില്‍ പ്രതിപക്ഷമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.