ഗായിക അമൃത സുരേഷിന്റെ പിറന്നാള്‍ ദിനത്തില്‍ സംഗീതലോകത്തെ അവിസ്മരണീയ നിമിഷം പുനരാവിഷ്‌കരിച്ച കേക്ക് സമ്മാനിച്ച് സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനോടൊപ്പം അമൃത വേദി പങ്കിട്ട നിമിഷമാണ് പിറന്നാള്‍ കേക്കിന്റെ രൂപത്തില്‍ ഒരുക്കിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു പിറന്നാള്‍ ആഘോഷം. ആഘോഷത്തിന്റെ വീഡിയോ അഭിരാമി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
വീട്ടില്‍ എല്ലാവര്‍ക്കും സുഖമില്ലാത്തതിനാലാണ് ഇത്തവണ വലിയ ആഘോഷങ്ങള്‍ ഒഴിവാക്കിയതെന്ന് അഭിരാമി വ്യക്തമാക്കി.അമൃതയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം തന്നെ പിറന്നാള്‍ സമ്മാനമായി നല്‍കാനായിരുന്നു അഭിരാമിയുടെ തീരുമാനം. 'ചേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എ.ആര്‍. റഹ്‌മാന്‍ സാറിനുവേണ്ടി പാടുക എന്നത്. അദ്ദേഹത്തോടൊപ്പം ഒരു സ്റ്റേജ് ഷോയും ചെയ്യാന്‍ കഴിഞ്ഞു. ആ പരിപാടിയുടെ ചിത്രമാണ് കേക്കില്‍ പുനഃസൃഷ്ടിച്ചത്. ചേച്ചിയുടെ കഠിനാധ്വാനത്തിനും നേട്ടത്തിനുമുള്ള ഒരു അഭിനന്ദനമായാണ് ഈ സമ്മാനം,' അഭിരാമി പറഞ്ഞു.
കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കിടയിലും പുഞ്ചിരിക്കാന്‍ മടിക്കാത്ത സഹോദരിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു. സര്‍പ്രൈസ് കേക്ക് കണ്ട് അമൃത അത്ഭുതപ്പെടുന്നതും സന്തോഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.