മുതിര്‍ന്ന നടന്‍ മധുവിനെക്കുറിച്ചുള്ള ഗായകന്‍ ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ മധുവിന്റെ മകളും രംഗത്ത്.മധുവിന് പിറന്നാള്‍ ആശംസകളറിയിച്ച് ജി. വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പിനെതിരേ ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് കീഴിലാണ് മധുവിന്റെ മകള്‍ ഉമ ജയലക്ഷ്മി കമന്റ് ചെയ്തിരിക്കുന്നത്.
യാഥാര്‍ത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകന്‍ വേണുഗോപാല്‍ എഴുതിയ കുറിപ്പ് ഞങ്ങള്‍ കുടുംബക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇത്രയും അന്തസ്സോടെ 92 വര്‍ഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാല്‍ തരം താഴ്ത്തി കണ്ടപ്പോള്‍ വലിയ ദുഃഖം തോന്നിയെന്നും ഈ കമന്റില്‍ ഇവര്‍ പറയുന്നു
'ഇതിന് മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചിരുന്നു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജില്‍ ഈ പോസ്റ്റ് കണ്ടത്. എനിക്ക് പറയാന്‍ കഴിയുന്നതിനേക്കാള്‍ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിള്‍ എഴുതിയിരിക്കുന്നു'. എന്നും അവര്‍ കുറിക്കുന്നു. വേണുഗോപാലിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ലെന്നും തമ്പിയങ്കിള്‍ ഉചിതമായ രീതിയില്‍ അതിനെതിരെ പ്രതികരിച്ചതില്‍ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നുവെന്നും ഇവര്‍ പറയുന്നു.
തിരുവനന്തപുരത്ത് കണ്ണമ്മൂല എന്ന സ്ഥലത്താണ് മധു ജനിച്ചതെന്നും മധുവിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വേണുഗോപാല്‍ എഴുതിയതെല്ലാം തെറ്റാണെന്നും ഉന്നയിച്ചാണ് ശ്രീകുമാരന്‍ തമ്പി പോസ്റ്റിട്ടത്. പോസ്റ്റില്‍ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം അദ്ദേഹം ഉന്നയിക്കുന്നുണ്ട്.