തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാര്‍ തന്റെ റേസിംഗ് ജീവിതത്തിലെയും സിനിമാ രംഗത്തെയും അപകടങ്ങളെക്കുറിച്ചും പരിക്കുകളെക്കുറിച്ചും തുറന്നുപറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിലും റേസിംഗ് ട്രാക്കിലും സിനിമയിലുമുള്ള അനുഭവങ്ങളെക്കുറിച്ച് 'ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ'യുമായുള്ള സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റേസിംഗ് എന്നത് വേഗത മാത്രമല്ല, ജാഗ്രതയും കൂടിയാണെന്ന് അജിത് ഓര്‍മ്മിപ്പിച്ചു.
ഈ വര്‍ഷം തുടക്കത്തില്‍ വലന്‍സിയയില്‍ നടന്ന സതേണ്‍ യൂറോപ്യന്‍ കപ്പില്‍ അജിത്തിന്റെ കാര്‍ പലതവണ തലകീഴായി മറിഞ്ഞിരുന്നു. ഇത്തരം അപകടങ്ങളില്‍ പ്പെടുമ്പോള്‍, ആദ്യത്തെ ചിന്ത പരിക്കേറ്റോ എന്നതും അതിന്റെ ഗൗരവവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാറിന് സംഭവിച്ച കേടുപാടുകളും വീണ്ടും മുന്നോട്ട് പോകാനുള്ള സാഹചര്യവും വിലയിരുത്തിയ ശേഷം, അഡ്രിനാലിന്‍ കാരണം 'ഡിഎന്‍എഫ്' (Did Not Finish) ഒഴിവാക്കണമെന്ന ചിന്ത മാത്രമാണ് മനസ്സിലുണ്ടാ വുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേസിംഗ് പരിശീലനമോ മത്സരമോ നഷ്ടപ്പെടുത്തേണ്ടി വരുന്നത്ര ഗുരുതരമായ പരിക്കുകള്‍ തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അജിത് പറഞ്ഞെങ്കിലും, സിനിമാ ജീവിതത്തിന്റെ ഭാഗമായി 29 ശസ്ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2005ല്‍ ആരാധകര്‍ക്കിടയില്‍ വെച്ച് തനിക്ക് ഒരു ദുരനുഭവമുണ്ടായതായും അദ്ദേഹം ഓര്‍ത്തെടുത്തു. കൈവീശുന്നതിനിടെ ആരോ ബ്ലേഡ് ഉപയോഗിച്ച് ഉള്ളംകയ്യില്‍ വരഞ്ഞതായും, അതിന്റെ പാട് ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരിക്കല്‍, കയ്യില്‍ ബ്ലേഡുമായി തന്നെ കാത്തുനിന്ന ഒരാളെ തന്റെ സഹായികള്‍ പിന്തിരിപ്പിച്ചതായും അജിത് വ്യക്തമാക്കി.