Latest News

മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്‍ അന്തരിച്ചു; വിടപറഞ്ഞത് നായകനായും ഹാസ്യ നടനായും മലയാളികളെ ചിരിപ്പിച്ച അഭിയന പ്രതിഭ :മലയാളികളെ തീരാ ദുഖത്തിലാഴ്ത്തി വിടപറയല്‍

Malayalilife
 മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്‍ അന്തരിച്ചു; വിടപറഞ്ഞത് നായകനായും ഹാസ്യ നടനായും മലയാളികളെ ചിരിപ്പിച്ച അഭിയന പ്രതിഭ :മലയാളികളെ തീരാ ദുഖത്തിലാഴ്ത്തി വിടപറയല്‍

മലയാളികളുടെ പ്രിയനടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സ് ആയിരുന്നു. ഇന്ന് പുലര്‍ച്ചെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസ് ചെയ്യാന്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ഭാര്യ ഒപ്പമുണ്ടായിരുന്നു. തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. ഉടന്‍ തന്നെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30ന് അവിടെ വെച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയില്‍. സംസ്‌ക്കാരം പിന്നീട് നടക്കും. 

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഹാസ്യനടനായും നായകനായും വെള്ളിത്തിരയില്‍ തിളങ്ങി. 

നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് മടക്കം. 1956 ഏപ്രില്‍ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂര്‍ ഗവ സ്‌കൂളിലും പഴശ്ശിരാജ എന്‍എസ്സ്എസ്സ് കോളജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടന്‍ രജനികാന്ത് സഹപാഠിയായിരുന്നു. ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശ്രീനിവാസന്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്തായും സംവിധായകനായും നായകനായും ഹാസ്യനായകനുമായെല്ലാം മലയാള സിനിമയുടെ ഹൃദയവും ആത്മാവുമായി മാറുക ആയിരുന്നു. 

സന്മസുളളവര്‍ക്ക് സമാധാനം, ടി പി ബാലഗോപാലന്‍ എം എ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത,ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ് , അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ ,ഞാന്‍ പ്രകാശന്‍ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കി. 1991ല്‍ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ സംസ്ഥാന,ദേശീയ പുരസ്‌കാരങ്ങള്‍ നേടി.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ , നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്. 

അഭിനയ രംഗത്തും മികച്ച വേഷങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചു. മഴമെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിലെ എംഎ ധവാന്‍, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ സ്വര്‍ണപണിക്കാരന്‍, പാവം പാവം രാജകുമാരനിലെ പാരലല്‍ കോളജ് അധ്യാപകന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, തേന്‍മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍, ഉദയനാണ് താരത്തിലെ സരോജ്കുമാര്‍ തുടങ്ങിയ നിരവധി വേഷങ്ങള്‍ ശ്രദ്ധേയമായി. ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാര്‍ഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ലെ സാമൂഹികവിഷയ ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും നേടി. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങള്‍ മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം നേടി.
 

actor sreenivasan passes away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES