മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വീണ്ടും ഒരു ആഘോഷമാണ് രാവണപ്രഭു വലിയ ആവേശത്തോടെ തിയേറ്ററുകളിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ റീ റിലീസ് ദിനത്തില്‍ തന്നെ ആരാധകര്‍ തിയേറ്ററുകള്‍ നിറച്ചത് മലയാള സിനിമയോടുള്ള അവരുടെ സ്‌നേഹത്തിന്റെ തെളിവായി മാറി. പല സ്ഥലങ്ങളിലും ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലാകെ ഇപ്പോഴത്തെ ചര്‍ച്ച ഒന്നാണ് മംഗലശ്ശേരി നീലകണ്ഠന്‍ വീണ്ടും എത്തിയിരിക്കുന്നു!
പ്രേക്ഷകരോടൊപ്പം നിരവധി താരങ്ങളും സിനിമ കാണാനെത്തി. അവരില്‍ ശ്രദ്ധേയയായി നടി ദീപ്തി നമ്പ്യാര്‍, വിജയ് അഭിനയിച്ച തുപ്പാക്കിയിലെ സഹോദരിയുടെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ്. പൂനെയില്‍ നിന്ന് പ്രത്യേകമായി പറന്നു വന്നാണ് അവര്‍ കൊച്ചിയില്‍ ചിത്രം കണ്ടത്. ''ഞാന്‍ മുംബൈക്കാരിയാണ്, പക്ഷെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ലാലേട്ടനാണ്. ഇദ്ദേഹം മലയാള സിനിമയുടെ അഭിമാനമാണ്,'' എന്ന് ദീപ്തി പറഞ്ഞു. പുനെയില്‍ നിന്നും പുലര്‍ച്ചെ ബാംഗളൂര്‍ എത്തി. അവിടെ നിന്നും കൊച്ചിയില്‍. ടിക്കറ്റ് കിട്ടാന്‍ ഇല്ലായിരുന്നു. അത് പിന്നീട് ഒപ്പിച്ച് പടം കണ്ടു. എന്നും ദീപ്തി പറയുന്നു.
രാവണപ്രഭു 4കെ അറ്റ്‌മോസ് ക്വാളിറ്റിയിലായാണ് വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകര്‍ ഓണ്‍ലൈനിലും നേരിട്ടും റെക്കോര്‍ഡ് ബുക്കിംഗുകളാണ് നടത്തിയത്. ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ഈ രഞ്ജിത്ത് ചിത്രം, റീ റിലീസായിട്ടും പുതുമുഖ ചിത്രങ്ങളെ പോലും പിന്നിലാക്കുന്ന കളക്ഷനുകള്‍ നേടുകയാണ്. രണ്ടര പതിറ്റാണ്ടിനു ശേഷവും മംഗലശ്ശേരി നീലകണ്ഠന്റെ കേരിസ്മ ഇപ്പോഴും അതേപോലെ നിലനില്‍ക്കുന്നുവെന്നതാണ് ആരാധകരുടെ അഭിപ്രായം. ലാലേട്ടന്റെ ഈ തിരിച്ചു വരവ് മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റൊരു വിജയപ്പടിയായി മാറുകയാണ്.