നടി മാളവിക നായരുടെ അമ്മ സുചിത്ര സേതുമാധവന്‍ അന്തരിച്ചു. അമ്മയുടെ മരണവിവരം മാളവിക തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.. 56 വയസ്സായിരുന്നു. റിട്ടയേര്‍ഡ് ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണറായിരുന്ന പരേതനായ പി. ഹരിദാസിന്റെയും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് അദ്ധ്യാപികയായിരുന്ന പരേതനായ പ്രെഫ. ബേബി ജി. നായരുടെയും മകളാണ്. ഭര്‍ത്താവ് സേതുമാധവന്‍ നായര്‍. നിഖില്‍ നായര്‍ മകനാണ്.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടില്‍. തന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടു എന്നാണ് അമ്മയുടെ വിയോഗവാര്‍ത്ത പങ്കുവച്ച് മാളവിക കുറിച്ചത്. അമ്മയുടെ സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങളും നടി പങ്കുവച്ചു.
മാളവികയുടെ കലയ്ക്ക് എന്നും പ്രോത്സാഹനമായി നിന്നിട്ടുള്ളയാളാണ് അമ്മ. തൃശൂരിലാണ് മാളവിക ജനിച്ചതും വളര്‍ന്നതും ഇപ്പോള്‍ താമസിക്കുന്നതുമെല്ലാം. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാളവിക ആദ്യ സിനിമയായ കറുത്തപക്ഷിയില്‍ അഭിനയിക്കുന്നത്. നായികയായി താരം ആദ്യം ചെയ്ത സിനിമ ഡഫേദാറാണ്. ടിനി ടോമായിരുന്നു ഈ സിനിമയില്‍ മറ്റൊരു പ്രധാന വേഷം ചെയ്തത്.
ഡിഗ്രിയും പിജിയും ചെയ്ത സെന്റ് തെരേസസ് കോളേജില്‍ തന്നെയാണ് ഇപ്പോള്‍ മാളവിക അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നത്. അതിനൊപ്പമാണ് പിഎച്ച് ഡിക്ക് വേണ്ടിയുള്ള റിസേര്‍ച്ചും മറ്റും ചെയ്യുന്നത്. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷനിലാണ് ബിരുദാനന്തര ബിരുദം മാളവിക പൂര്‍ത്തിയാക്കിയത്. ഹൈ ഡിസ്റ്റിങ്ഷനോട് കൂടെയാണ് മാളവിക വിജയിച്ചത്. ഈ വിഭാഗത്തില്‍ കോളജിലെ പിജി ടോപ്പറും മാളവികയായിരുന്നു