പ്രമുഖ ചലച്ചിത്രതാരം സാമന്ത റൂത്ത് പ്രഭു തന്റെ ചിട്ടയായ ജീവിതശൈലിയെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചതോടെ ഇത് വലിയ ശ്രദ്ധ നേടുന്നു. തന്റെ ആരോഗ്യപരമായ അവസ്ഥയെ മികച്ച രീതിയില്‍ നേരിടുന്നതിനായി സാമന്ത പിന്തുടരുന്ന ഭക്ഷണക്രമത്തെക്കുറിച്ചും ശരീരഭാരത്തെക്കുറിച്ചും അവര്‍ തുറന്നു സംസാരിച്ചു.
ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സാമന്ത താന്‍ പ്രതിദിനം 100 ഗ്രാം പ്രോട്ടീന്‍ കഴിക്കുന്നതായി വെളിപ്പെടുത്തിയത്. 50 കിലോഗ്രാം ഭാരമുള്ള തനിക്ക് ആവശ്യമായ പ്രോട്ടീന്‍ അളവ് കൃത്യമായി ശരീരത്തില്‍ എത്തുന്നുണ്ടെന്നും ഇത് ആരോഗ്യവും ക്ഷേമവും നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സാമന്തയുടെ വെളിപ്പെടുത്തലിനോടനുബന്ധിച്ച്, ഏകദേശം 55-60 കിലോഗ്രാം ഭാരമുള്ള ഒരു ഇന്ത്യന്‍ സ്ത്രീക്ക് ഒരു ദിവസം 60-80 ഗ്രാം പ്രോട്ടീന്‍ ആവശ്യമുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് റാഷി ചൗധരി വിശദീകരിച്ചു.
ഇത്രയും അളവ് പ്രോട്ടീന്‍ ലഭിക്കാന്‍ 200 ഗ്രാം കട്ടത്തൈര്, 150 ഗ്രാം പനീര്‍, അല്ലെങ്കില്‍ ഏകദേശം 600 ഗ്രാം പരിപ്പ് എന്നിവ കഴിക്കാവുന്നതാണെന്നും, ഇവയെല്ലാം ചേര്‍ന്ന് 80 ഗ്രാം പ്രോട്ടീന്‍ ഉറപ്പാക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രോട്ടീന്‍ പൗഡര്‍ പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആവശ്യമായ അളവ് നേടാന്‍ സഹായിക്കുമെന്നും ന്യൂട്രീഷ്യനിസ്റ്റ് സൂചിപ്പിച്ചു.
സസ്യാഹാര സ്രോതസ്സുകളില്‍ പലപ്പോഴും കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും കൂടുതലായി കാണപ്പെടുന്നതിനാല്‍ മാക്രോ ന്യൂട്രിയന്റുകള്‍ ശ്രദ്ധാപൂര്‍വം സമീകൃതമാക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ദുര്‍ബലമായ ദഹനവ്യവസ്ഥയുള്ളവര്‍ക്ക് കൂടുതല്‍ പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ഇത് വയറുവീര്‍പ്പ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും റാഷി ചൗധരി കൂട്ടിച്ചേര്‍ത്തു.