Latest News

ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞേക്കും; 25 വര്‍ഷമായി തുടരുന്ന ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ താരം; മോഹന്‍ലാലും സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയേക്കും; അമ്മ സംഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാദ്ധ്യത; ജൂണ്‍ 30ന് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം

Malayalilife
topbanner
 ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞേക്കും; 25 വര്‍ഷമായി തുടരുന്ന ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ താരം; മോഹന്‍ലാലും സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയേക്കും; അമ്മ സംഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാദ്ധ്യത; ജൂണ്‍ 30ന് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതായാണ് വിവരം. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാല്‍നൂറ്റാണ്ടായി അമ്മ നേതൃനിരയിലുള്ള ഇടവേള ബാബു സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ജൂണ്‍ 30ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. നിലവില്‍ സംഘടനയില്‍ 506 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ജൂണ്‍ മൂന്ന് മുതല്‍ പത്രികകള്‍ സ്വീകരിച്ച് തുടങ്ങും. കാല്‍ നൂറ്റാണ്ടുകാലത്തോളം അമ്മയെ നയിച്ച ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത.

താന്‍ ഇനി നേതൃസ്ഥാനത്ത് ഉണ്ടാകില്ലെന്ന് ഇടവേള ബാബുവും ഒരു മാദ്ധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാറ്റം അനിവാര്യമാണെന്നും ഞാന്‍ ആയിട്ട് മാറിയാലെ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു. പുതിയ ആള്‍ക്കാര്‍ വരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണയും ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകള്‍ക്ക് മുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മര്‍ദ്ദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന് ഇടവേള ബാബു പറയുന്നു.

1994ല്‍ ആണ് അമ്മ സംഘടന രൂപീകരിച്ചത്. മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃസ്ഥാനം വഹിക്കുന്നുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു ഇടവേള ബാബുവിന്റെ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായതോടെ ബാബു അന്ന് സെക്രട്ടറിയായി. 2018 ആകുമ്പോഴേക്കും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തി.


2021ല്‍ ആണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്കും അന്ന് മത്സരമുണ്ടായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ് ബാബുവും അട്ടിമറി ജയം നേടി. ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച മൂന്ന് പേരും പരാജയപ്പെട്ടു. നിവിന്‍ പോളി, ഹണി റോസ്, നാസര്‍ ലത്തീഫ് എന്നിവരാണ് തോറ്റത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആശാ ശരത്തും തോറ്റിരുന്നു.

സാധാരണഗതിയില്‍ അമ്മയില്‍ ഔദ്യോഗിക പാനലിനെ മറ്റ് അംഗങ്ങള്‍ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിര്‍വാഹക സമിതിയിലേക്കും മത്സരം നടന്നു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും, ട്രഷറായി സിദ്ദിഖിനും എതിരാളികളില്ലായിരുന്നു.

Read more topics: # അമ്മ
amma general body 2024

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES