തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ നായികയും ഗായികയുമായ ആന്‍ഡ്രിയ ജെറമിയ മലയാള സിനിമയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത് വാര്‍ത്താ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. മലയാള സിനിമയിലെ കഥാപാത്രങ്ങളുടെ ആഴത്തെയും, കലാകാരന്മാര്‍ക്ക് ലഭിക്കുന്ന ബഹുമാനത്തെയും പ്രശംസിച്ച ആന്‍ഡ്രിയ, ഭാഷയില്‍ പ്രാവീണ്യമുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കുമായിരുന്നു എന്നും വെളിപ്പെടുത്തി.
പുറത്തിറങ്ങാനിരിക്കുന്ന 'മാസ്‌ക്' എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആന്‍ഡ്രിയ മലയാള സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. തമിഴ് സിനിമയെ അപേക്ഷിച്ച് മലയാളത്തില്‍ കഥാപാത്രങ്ങള്‍ എഴുതുന്ന രീതി വളരെ മികച്ചതും ആഴത്തിലുള്ളതുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
'മലയാള സിനിമയില്‍ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ നിലവാരം മികച്ചത്. എനിക്ക് മലയാള ഭാഷയില്‍ നല്ല അറിവുണ്ടായിരുന്നെങ്കില്‍, ഞാന്‍ തീര്‍ച്ചയായും അവിടെ പോയി അഭിനയിക്കുകയും കേരളത്തില്‍ താമസമാക്കുകയും ചെയ്യുമായിരുന്നു,' ആന്‍ഡ്രിയ പറഞ്ഞു. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് ലഭിക്കുന്ന ബഹുമാനം, തിരക്കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന മനുഷ്യത്വം, അഭിനയ മികവിന് വിലകല്‍പ്പിക്കുന്ന സംസ്‌കാരം എന്നിവയെല്ലാം തന്നെ ഈ ചിന്തയിലേക്ക് എത്തിച്ചെന്നും അവര്‍ വിശദീകരിച്ചു.
സിനിമയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ ഉള്ളടക്കത്തിനുള്ള പങ്ക് എത്ര വലുതാണെന്നും ആന്‍ഡ്രിയ ചൂണ്ടിക്കാട്ടി. 'നാല് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയ്ക്ക് പോലും ഉള്ളടക്കത്തിന്റെ മികവുകൊണ്ട് 100 കോടി രൂപ വരെ നേടാന്‍ സാധിക്കുന്നത് മലയാളത്തില്‍ മാത്രമാണ്.' ഹോളിവുഡിലും മലയാളത്തിലും, മുന്‍നിര താരങ്ങള്‍ പോലും കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കി സഹവേഷങ്ങള്‍ ചെയ്യുന്ന രീതി നിലവിലുണ്ട്. കഥയില്‍ ഇഷ്ടമുള്ള വേഷം ലഭിച്ചാല്‍ അത് പ്രധാന കഥാപാത്രമാണോ സഹകഥാപാത്രമാണോ എന്ന് അവര്‍ ശ്രദ്ധിക്കുന്നില്ല. ഈ നിലപാടാണ് മലയാള സിനിമയുടെ വിജയത്തിന് കാരണമെന്നും, ഇത് തമിഴ് സിനിമയും പിന്തുടരണമെന്നും ആന്‍ഡ്രിയ ആഗ്രഹം പ്രകടിപ്പിച്ചു.
അതേസമയം, മലയാളം സിനിമകളില്‍ കൂടുതല്‍ അഭിനയിക്കാത്തതിന്റെ പ്രധാന കാരണം ഭാഷാപരമായ തടസ്സമാണെന്നും അവര്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഭാഷ നന്നായി അറിയാത്ത ഒരു മാധ്യമത്തില്‍ അഭിനയിക്കുന്നത് ബുദ്ധിമുട്ടാണ്, സ്വന്തം ഡയലോഗുകള്‍ കൃത്യമായി അറിഞ്ഞുകൊണ്ട് അവതരിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. ആന്‍ഡ്രിയ ജെറമിയമലയാള സിനിമമാസ്‌ക്